‘മാവേലി’ പാര്‍ട്ടി വാണീടും കാലം..

Posted on: April 6, 2016 4:47 am | Last updated: April 5, 2016 at 11:51 pm
SHARE

kaniകേരളത്തിലെ മനുഷ്യരെല്ലാരേയും ഒന്നുപോലെയാക്കിയ മഹാബലി തമ്പുരാനെ കുറിച്ചല്ല; തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയേയും അണികളെയും ‘ഒരുമാതിരി’യാക്കുന്ന മാവേലികളെ കുറിച്ചാണ് പറയാനുള്ളത്. കാണികളായ ജനം തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ മാവേലികളെ കുറെ കാലമായി കാണുന്നു…സഹിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ പേരുവരും ഡല്‍ഹിവരെ എത്തും ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് വരും, സാമൂഹിക മാധ്യമങ്ങളില്‍ ട്രോളും വരും. എന്നാല്‍, സ്ഥാനാര്‍ഥിയാകാന്‍ മറ്റാരെങ്കിലുമൊക്കെയുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാല്‍ ഈ മാവേലികള്‍ പാതാളത്തിലേക്ക് പോകും. പിന്നെ അടുത്ത തിരഞ്ഞെടുപ്പിലാണ് നാട്ടിലേക്ക് എഴുന്നള്ളിപ്പ്.
കോഴിക്കോട്ടൊരു മാവേലി, കുറെ കാലമായി ഇങ്ങനെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരികയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാതാളത്തിലേക്ക് താഴുകയും ചെയ്യുന്നു. ജില്ലയിലെ ഒരു വിധം എല്ലാ മണ്ഡലം കമ്മിറ്റികളുടെയും പട്ടികയില്‍ ഇടം പിടിച്ച മാവേലിക്ക് ഇക്കുറിയും പാതാളത്തിലേക്ക് പോകാനാണ് വിധി. പക്ഷെ ചവിട്ടിത്താഴ്ത്തുന്ന വാമനന്മാരുടെ കാല് വാരാനുള്ള ഒരുക്കവും പതിവുപോലെ ഈ മാവേലി നടത്തുമെന്നാണ് കരുതുന്നത്.
കണ്ണൂരില്‍ ഒരു മാവേലി ഈ വര്‍ഷം മുതല്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗ്രൂപ്പും മുന്നണി മാറ്റവും സജീവമായ തെക്കന്‍ ഭാഗങ്ങളില്‍ മാവേലിമാരെ കൊണ്ട് വാമനന്മാരായ നേതാക്കന്മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണത്രെ. ദിവസവും എത്ര മാവേലിമാരെയാണ് ചവിട്ടിത്താഴ്‌ത്തേണ്ടത്. ചിലത് മണ്ഡലം കമ്മിറ്റിയിലെ വാമനന്മാര്‍ തന്നെ താഴ്ത്തും. മറ്റ് ചിലരെ ജില്ല, സംസ്ഥാന എന്തിന് ഹൈക്കമന്റ് വരെ താഴ്ത്തും.
ചാവേറുകളായ ചില മാവേലിമാര്‍ ഇക്കുറി മത്സരത്തിനില്ലെന്ന് ആദ്യമെ വ്യക്തമാക്കിയതിനാല്‍ ചവിട്ടിത്താഴ്ത്തല്‍ നടക്കില്ല. എന്നാല്‍ കാല് വാരലും അടിഒഴുക്കുമൊക്കെ മുറപോലെ ഉണ്ടാകും. ചിലര്‍ മാവേലിയാകുമെന്ന് അവസാനഘട്ടത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞുപോയി. വാമനനോട് എന്നെ ചവിട്ടി താഴ്ത്തുവെന്നാണ് ഈ മാവേലി തലകുനിച്ച് കെഞ്ചിയത്. അത് കണ്ട് പലരും കരഞ്ഞ് പോയി.
ഏത് നദിയില്‍ അടിയൊഴുക്ക് നടത്തണമെന്നാണ് പൂഞ്ഞാറിലെ പുതിയ മാവേലിയുടെ സംശയം. വാമനനാകാന്‍ കൊതിച്ച് പലരേയും ചവിട്ടിത്താഴ്ത്താനുള്ള ഒരുക്കങ്ങളൊക്കെ നടത്തിയപ്പോഴാണ് നാടകാന്തം താന്‍ വാമനനല്ല മാവേലിയാണെന്ന് അറിഞ്ഞത്.
അരൂരിലെ ‘വാമന’ ഇനി മുതല്‍ മാവേലി തമ്പുരാട്ടിയാകും. ആദ്യം വലത്ത് നിന്നും പിന്നെ ഇടത്ത് നിന്നും ചവിട്ടുകിട്ടിയ ‘എക്‌സ് വാമന’ പാതാളത്തിലേക്ക് വീഴുന്നതിനിടെ ചെറിയ തോതില്‍ ഒരു താമര താങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് കേള്‍വി.
തിരഞ്ഞെടുപ്പ് മാവേലിമാര്‍ പാര്‍ട്ടികള്‍ വാണിടുന്ന കാലമാണിത്. പത്ത് ദിവസത്തെ ഓണാഘോഷം പോലെ ഈ മാവേലിമാര്‍ക്കുള്ള ഓണാഘോഷവും അവസാനിച്ചിട്ടുണ്ട്. ഇനി പാതാളത്തിലേക്കാണ് യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here