പ്രചാരണ ചൂടില്‍ സോഷ്യല്‍ മീഡിയ

Posted on: April 6, 2016 4:43 am | Last updated: April 5, 2016 at 11:47 pm
SHARE

social mediaകൊച്ചി: മുന്നണികളും പാര്‍ട്ടികളും പ്രചരണച്ചൂടിലേക്ക് കടന്നതോടെ ആക്ഷേപ ഹാസ്യങ്ങളുടെ പൊങ്കാല തീര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രചരണ വാചകങ്ങളെ വളച്ചൊടിച്ചും വാഗ്ദാനങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടിയുമാണ് സോഷ്യല്‍ മീഡിയ ആക്ഷേപ ഹാസ്യങ്ങളുടെ പെരുമഴ പൊഴിക്കുന്നത്. എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന ഇടതുപക്ഷത്തിന്റെ പ്രചാരണ വാക്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന താരം. താങ്കള്‍ വിവാഹം കഴിച്ചതാണോ..? ഇല്ല എന്ന മറുപടിക്ക് എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്നാണ് മറുപടി.
ഇതേ തരത്തില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും തലവേദനക്കും താരനും വരെ എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്നാണ് ട്രോള്‍. ബാര്‍ വിഷയവും, സോളാറും സരിതയുമെല്ലാം ഹാസ്യ മെസേജുകളിലെ താരങ്ങളാണ്. എല്‍ ഡി എഫ് വരും ബാര്‍ തുറക്കും എല്ലാം ശരിയാകുമെന്നുള്ള മെസേജും വൈറലാണ്.
യു ഡി എഫിന്റെ പ്രചാരണ വാക്യത്തിന്റെ പാരഡിയായ ‘വളയണമീ നാട്.. തുലയണമീ ഭരണം..’ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള മെസേജുകള്‍ക്കും പഞ്ഞമില്ല. പിഞ്ചു കുഞ്ഞിനോട് വോട്ട് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് 18 വയസു കഴിയാതെ വോട്ടില്ലെന്ന് സോണിയ ഗാന്ധി പറയുന്നതാണ് മറ്റൊരു വൈറല്‍ മെസേജ്. തിരഞ്ഞെടുപ്പായിട്ട് തന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാത്ത കോടിയേരി ചാനല്‍ റിപ്പോര്‍ട്ടറെ വിളിച്ച് ചര്‍ച്ചക്കുള്ള വിഷയം നല്‍കുന്നതും മറ്റൊരു തമാശ.
വിവാദങ്ങളുടെ തോഴനായ ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപ ചാകരയാണ്. കണ്ണടച്ച് മുഖം ചരിച്ചു നില്‍ക്കുന്ന സ്ഥാനാര്‍ഥി കഞ്ചാവ് വലിക്കുയാണോ, ബീഫ് ബിരിയാണി മണക്കുകയാണോ എന്നാണ് ‘ട്രോളന്മാരുടെ’ ചോദ്യം. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ 12-ാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ആക്കണമോ എന്നും ആക്ഷേപ ഹാസ്യത്തില്‍ ചോദിക്കുന്നു. വോയ്‌സ് മെസേജുകള്‍ക്കും പഞ്ഞമില്ല, ഹാസ്യ രൂപേണ പാരഡി ഗാനങ്ങള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
ഇതിനിടെ ഫേസ് ബുക്ക് പേജുകളിലും വാട്‌സ് അപ് ഗ്രൂപ്പുകളിലും പ്രചരണം തുടങ്ങിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആക്ഷേപ ഹാസ്യ മെസേജുകള്‍ പണി കൊടുക്കുന്നുണ്ട്. വികസന അജന്‍ഡകള്‍ ഘോരഘോരം എഴുതിയിടുന്ന ടൈംലൈനില്‍ ആക്ഷേപ മെസേജുകള്‍ പോസ്റ്റ് ചെയ്താണ് എതിരാളികള്‍ മറുപണി പണിയുന്നത്.
തിരഞ്ഞെടുപ്പ് ചൂടിനൊപ്പം രാഷ്ട്രീയ ഭേതമെന്യേ പ്രചരിക്കുന്ന ഹാസ്യ മെസേജുകളാണ് എവിടെയും ചര്‍ച്ചാ വിഷയം. ഫേസ് ബുക്ക്, വാട്‌സ് അപ്പ്, മെസഞ്ചര്‍ തുടങ്ങി മലയാളികളുടെ സജീവ മീഡിയകളിലെല്ലാം നിരവധി മെസേജുകളാണ് ദിവസേന പ്രചരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറുന്ന മെസേജുകള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.