അണികളില്‍ ആവേശത്തിരയിളക്കി സുധാകരന്‍ ഉദുമയിലെത്തി; പ്രചാരണത്തിന് തുടക്കമായി

Posted on: April 6, 2016 4:38 am | Last updated: April 5, 2016 at 10:38 pm
SHARE

ഉദുമ: ആവേശത്തിരയിളക്കി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇന്നലെ ഉദുമയിലെത്തി. ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ തുടക്കവുമായി.
രാവിലെ കണ്ണൂര്‍ എക്‌സ്പ്രസില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചു കൂടിയത്.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിലും പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം സുധാകരന്‍ കോട്ടിക്കുളം ജുമാ മസ്ജിദിലും കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലും കീഴൂര്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും വയനാട്ട് കുലവന്‍ ഉത്സവം നടക്കുന്ന ഉദുമ കപ്പണക്കാല്‍ തറവാട്ടിലും ഉദുമ തെരുവിലെ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലുമെത്തി. ഉച്ചക്ക് ശേഷം അദ്ദേഹം കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലയിലെ മുതിര്‍ന്ന നേതാവുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന യുഡിഎഫ് ഉദുമ മണ്ഡലം നേതൃ കണ്‍വെന്‍ഷനില്‍ കെ സുധാകരന്‍ പങ്കെടുത്തു.
ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെപിസിസി സെക്രട്ടറി നീലകണ്ഠന്‍, കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, പി ഏ അഷ്‌റഫലി, ഡിസിസി ഭാരവാഹികളായ പി കെഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, ഹക്കിം കുന്നില്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, പിവി സുരേഷ്, മാമുനി വിജയന്‍, ധന്യ സുരേഷ്, അഡ്വ. കെ വിനോദ്കുമാര്‍, ഗീതാ കൃഷ്ണന്‍, എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ പി പ്രകാശന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, കരുണ്‍ താപ്പ, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്‍ഡറി കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍, ലീഗ് നേതാക്കളായ കെ ഇ ഏ ബക്കര്‍, പാഷ, ജലീല്‍കോയ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ കെ സുധാകരനെ സ്വീകരിച്ചു.