കന്നുകാലി മോഷണസംഘത്തിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: April 6, 2016 4:36 am | Last updated: April 5, 2016 at 10:36 pm

കാസര്‍കോട്: കന്നുകാലി മോഷണക്കേസിലെ പ്രതിയെ കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കുമ്പള ബായിക്കട്ട ചക്കരഗോളിയിലെ അബൂബക്കര്‍ എന്ന കറുപ്പന്‍ സിദ്ദിഖി(32) നെയാണ് കുമ്പള അഡീഷണല്‍ എസ് ഐ സോമയ്യയുടെ കസ്റ്റഡിയില്‍ വിട്ടത്.
2015 നവംബര്‍ അഞ്ചിന് രാത്രി പേരാല്‍ ഗൂഡ്ഡനമൂലയിലെ പുഷ്പലതയുടെ ആലയില്‍ നിന്ന് മൂന്ന് പശുക്കളെ മോഷ്ടിച്ച സംഭവം, 2015 മെയ് 27ന് കുമ്പള മൈമൂണ്‍ നഗര്‍ റോഡരുകില്‍ നിന്ന് കാളക്കുട്ടനെ കടത്തിയ സംഭവം, കുമ്പള ടൗണില്‍ നിന്ന് രണ്ട് പശുക്കളെ സ്‌കോര്‍പ്പിയോയില്‍ കയറ്റിക്കൊണ്ടുപോയ സംഭവം, പേരാല്‍ കണ്ണൂരിലെ സിദ്ധിബയലില്‍ നിന്ന് രണ്ടു പശുക്കളെ മോഷ്ടിച്ച സംഭവം തുടങ്ങിയ കേസുകളില്‍ സിദ്ദിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയായ കട്ടത്തടുക്കയിലെ മൊയ്തീന്‍ ഷെബീര്‍ എന്ന ഷെബ്ബി (29)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷെബ്ബിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏതാനും ദിവസം മുമ്പ് കറുപ്പന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.