ആദര്‍ശ രാഷ്ട്രീയം അടിയറവ് പറയുമ്പോള്‍

Posted on: April 6, 2016 4:42 am | Last updated: April 5, 2016 at 9:20 pm
SHARE

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ആദര്‍ശ രാഷ്ട്രീയം മുഖ്യമന്ത്രിയുടെ അവസരവാദ രാഷ്ട്രീയത്തിന് അടിയറവ് പറഞ്ഞിരിക്കുകയാണ്. ബാര്‍കോഴ, സോളാര്‍ അഴിമതി, ഭൂമിദാനം തുടങ്ങിയ വിഷയങ്ങളില്‍ പൊതുസമൂഹത്തിന് മുമ്പില്‍ കളങ്കിതരായവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന സുധീരന്റെ ആവശ്യം തള്ളി, കളങ്കിതരെന്നോ അല്ലാത്തവരെന്നോ പരിഗണിക്കാതെ സിറ്റിംഗ് എം എല്‍ എമാരെയെല്ലാം മത്സരിപ്പിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിക്ക് വഴങ്ങി കേന്ദ്ര നേതൃത്വം. അഴിമതി ആരോപണത്തിന് വിധേയരായതിന്റെ പേരില്‍ സുധീരന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കെ ബാബു, അടൂര്‍ പ്രകാശ് തുടങ്ങിയവരെല്ലാം അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
നേതൃരംഗത്തും നിയമനിര്‍മാണ സഭകളിലും കുറ്റാരോപിതരുടെ സാന്നിധ്യം വര്‍ധിച്ചതോടെ ശുദ്ധീകരണത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതൃത്വം സീജീവമായി ആലോചിച്ചു വന്നിരുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശത്തിന് ശേഷം അദ്ദേഹം ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളുടെയും പോഷക സംഘടനകളുടെയും തലപ്പത്ത് പരമാവധി സുസമ്മതരെ നിയമിക്കണമെന്ന നിലപാടായിരുന്നു രാഹുലിന്റേത്. ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പ് അവഗണിച്ചു വി എം സുധീരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത് ഇതിന്റെ ഭാഗമായാണ്. മദ്യനയം വിഷയത്തില്‍ അത് ഫലപ്പെടുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ചാണ് സ്ഥാനാര്‍ഥി പട്ടികയിലും ചില മാനദണ്ഡങ്ങള്‍ വേണമെന്ന് സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വം അത് അവഗണിച്ചെങ്കിലും ദേശീയ നേതൃത്വം സുധീരന്റെ നയത്തിന് അംഗീകാരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷ തകിടം മറിച്ച് ഉമ്മന്‍ ചാണ്ടിക്ക് ദേശീയ നേതൃത്വം പൂര്‍ണമായി അടിവയറ് പറയുകയാണുണ്ടായത്. സുധീരന്റെ ആദര്‍ശപരമായ നിലപാടിന് രാഹുല്‍ ഗാന്ധി പൂര്‍ണ പിന്തുണ നല്‍കിയിട്ടും കുറ്റാരോപിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രാഹുലിന്റെ നീക്കത്തിന് തിരിച്ചടിയാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ ലീഗ് നേതൃത്വം നടത്തിയ ഇടപെടല്‍ ലീഗിനും കളങ്കം വരുത്തി. പ്രശ്‌നത്തില്‍ സുധീരന്റെ നിലപാടിന് അംഗീകാരം നല്‍കാനുള്ള തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം നീങ്ങുന്ന ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രിക്ക് വക്കാലത്തുമായി ലീഗ് നേതൃത്വം ഹൈക്കമാന്റുമായി ബന്ധപ്പെട്ടത്. ലീഗിനും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും മുഖ്യമന്ത്രി ചെയ്ത സഹായങ്ങള്‍ക്ക് പ്രത്യുപകാരമെന്ന നിലയിലാണ് ഈ ഇടപെടലെങ്കിലും കെ പി സി സി പ്രസിഡന്റിന് പോലും അംഗീകരിക്കാനാകാത്ത കളങ്കിതര്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയത് ലീഗിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്. ലീഗിനെതിരെ പ്രതിപക്ഷം പ്രചാരണ വേദികളില്‍ പ്രശ്‌നം ഉപയോഗപ്പെടുത്തുകയും ചില മണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടിക്ക് ഇത് ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇടതുപക്ഷത്തും ചില ഇടര്‍ച്ചകളുണ്ടെന്നത് പറയാതെ വയ്യ. നേതാക്കളെ തഴഞ്ഞു വ്യവസായികളെയും സിനിമാ താരങ്ങളെയും രംഗത്തിറക്കി സി പി എം. ലോക്‌സഭാ തിരഞ്ഞെഞ്ഞെടുപ്പില്‍ ഇന്നസെന്റ് നേടിയ വിജയിത്തിന്റെ പ്രചോദനമായിരിക്കണം ഇത്തവണ കെ പി എ സി ലളിതയെയും മുകേഷിനെയും മത്സരിപ്പിക്കാനുള്ള സി പി എം തീരുമാനത്തിന് പിന്നില്‍. പ്രതിഷേധം ഉയര്‍ന്നതോടെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ലളിത പിന്‍മാറിയെങ്കിലും കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് പ്രചാരണവുമായി മുന്നേറുകയാണ്.
മൂല്യബോധമുള്ളവരെയും ആദര്‍ശ ശുദ്ധിയുള്ളവരെയും മത്സര രംഗത്തിറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കുഴലൂത്തുകാരെയും മത്സരിപ്പിക്കുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ആദര്‍ശവും പ്രായോഗിക തലത്തില്‍ അവര്‍ നടപ്പാക്കുന്നതും വ്യത്യസ്തമാണ്. അഴിമതി വിപാടനവും ആദര്‍ശ ശുദ്ധിയും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. നിയമസഭാ, പാര്‍ലമെന്റ് സാമാജികരില്‍ വന്‍തോതില്‍ കുറ്റാരോപിതര്‍ സ്ഥാനം പിടിക്കുന്നതിന്റെ സാഹചര്യം ഇതാണ്. വോട്ടര്‍മാരുടെ സ്വതന്ത്രമായ മനസ്സല്ല, സ്വാധീനങ്ങളാണ് ഇന്ന് സ്ഥാനാര്‍ഥികളുടെ ജയത്തില്‍ മുഖ്യഘടകം. തിരഞ്ഞെടുപ്പിനെ ജനകീയ വിചാരണ എന്നാണ് വിശേ ഷിപ്പിക്കപ്പെടുന്നതെങ്കിലും അത്തരമൊരു വിചാരണ നടക്കുന്നില്ല. ജനങ്ങള്‍ ഉയര്‍ന്ന മൂല്യബോധമുള്ളവരായിത്തീരുകയും ജീര്‍ണതക്കെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാണിക്കുകയും സ്വന്തം പാര്‍ട്ടിയെ തന്നെ തിരുത്താന്‍ തന്റേടം കാണിക്കുകയും ചെയ്‌തെങ്കിലേ രാഷ്ട്രീയം നന്നാകുകയുള്ളു. പകരം ജനങ്ങള്‍ നിസ്സംഗരായി എല്ലാം കണ്ടും കേട്ടും നിന്നാല്‍ യുവതലമുറ നിഷേധാത്മക ചിന്താഗതിയിലേക്കും അരാഷ്ട്രീയവാദത്തിലേക്കും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here