സംസ്ഥാനത്ത് പ്രമേഹം ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്ന് പഠനം

Posted on: April 5, 2016 5:49 am | Last updated: April 7, 2016 at 11:52 pm
SHARE

pramehamതിരുവനന്തപുരം: കേരളത്തില്‍ പ്രമേഹ രോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്ന കണക്കുകള്‍ ഉള്ളത്.
ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഐ എം എ സംഘടിപ്പിച്ച സെമിനാറിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ പ്രമേഹ നിരക്കാണ് സംസ്ഥാനത്ത് അപകടകരമായ അവസ്ഥയിലേക്ക് പോകുന്നത്. മുതിര്‍ന്നവരിലെ പ്രമേഹത്തില്‍ ദേശീയ ശരാശരി 8.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ 27 ശതമാനമെന്നാണെന്ന് പഠനം പറയുന്നു. ബീറ്റ് ഡയബറ്റിസ്’ എന്ന സന്ദേശത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
കൃത്യമായ പഠനം സംസ്ഥാനത്ത് ഇക്കാര്യത്തില്‍ നടന്നിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയിലെ ചില കേന്ദ്രങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ എം എ റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് 15 നും 64നും ഇടയില്‍ പ്രായമുള്ള 16.2% പേര്‍ക്ക് പ്രമേഹമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഇത് 27.11 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് 415 ദശലക്ഷത്തിലധികം പ്രമേഹ രോഗികള്‍ ഉണ്ട്. മുതിര്‍ന്നവരില്‍ 11 ല്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട്. ഇത് 2040 ആകുമ്പോഴേക്ക് 642 ദശലക്ഷം പേരിലാകും. പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപകടകരമായ വിധത്തിലാകും പ്രമേഹ ബാധ. ഇന്ത്യയില്‍ 65 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം ഉണ്ട്.
ശരാശരി എട്ട് മുതല്‍ ഒമ്പത് ശതമാനം മുതിര്‍ന്നവരിലാണ് പ്രമേഹമുള്ളത്. ഭൂരിപക്ഷം രോഗികളിലും പ്രമേഹം നിയന്ത്രണ വിധേയമല്ല. ശരിയായ മരുന്ന് കഴിക്കാത്തതാണ് കാരണം. ഒപ്പം അമിത രക്ത സമ്മര്‍ദവും കൊളസ്‌ട്രോളും ചേരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം, നേത്രരോഗം, വൃക്ക രോഗം എന്നിവക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ എം എ ലോകരോഗ്യ ദിനാചരണം മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഐ എം എ പ്രസിഡന്റ് ഡോ. ആര്‍ സി ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഡോ.എ വി ജയക്യഷ്ണന്‍, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ. സാമുവന്‍ കോശി, ഡോ.മോഹന്‍ റോയി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here