തെരുവ് നായ പ്രശ്‌നം പഠിക്കാന്‍ മൂന്നംഗ സമിതി

Posted on: April 5, 2016 11:36 pm | Last updated: April 5, 2016 at 11:36 pm
SHARE

dogന്യൂഡല്‍ഹി: കേരളത്തിലെ രൂക്ഷമായ തെരുവുനായ പ്രശ്‌നം പഠിക്കാന്‍ സുപ്രീം കോടതിയുടെ മൂന്നംഗ സമിതി. പന്ത്രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സമിതിയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും നിയമ വകുപ്പ് സെക്രട്ടറിയും അംഗങ്ങളായിരിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായയുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജോസ് സെബാസ്റ്റ്യന് നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ കോടതി വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. തെരുവു നായയുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും.
അതേസമയം, അര്‍ഹരായവര്‍ അപേക്ഷിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here