രാജ്യത്ത് മരുന്നുകളുടെ വില കുറയുന്നു

Posted on: April 5, 2016 7:00 pm | Last updated: April 5, 2016 at 7:00 pm
SHARE

MEDICINEദോഹ: രാജ്യത്ത് ഈ മാസം പതിനേഴ് മുതല്‍ 400 മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോര്‍ട്ട്. സന്ധിവാതം, ത്വക്ക്‌രോഗം, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് വില കുറയുകയെന്ന് ഫാര്‍മസിസ്റ്റുകളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യവ്യാപകമായി ഫാര്‍മസികളില്‍ മുരുന്നുകള്‍ക്കു വില കുറയും. ജി സി സി രാജ്യങ്ങളില്‍ മരുന്നു വില കുറക്കുന്നതിന് വര്‍ഷങ്ങളായി നടന്നു വരുന്ന പരിശ്രമങ്ങളുടെകൂടി ഫലമായാണ് വില കുറയുന്നത്. ഖത്വറില്‍ സര്‍ക്കാറാണ് മരുന്നുവില നിശ്ചയിക്കുന്നത്. രാജ്യവ്യാപകമായി ഒരേ സ്വഭാവത്തിലുള്ള മരുന്നുകള്‍ക്ക് തുല്യമായ വിലയാണ് നല്‍കേണ്ടി വരിക. മരുന്നുകളുടെ സ്വഭാവത്തിനും വലിപ്പത്തിനുമനുസരിച്ചായിരിക്കും വിലയില്‍ കുറവു വരുത്തുക. ചില മരുന്നുകളുടെ വിലയില്‍ മാറ്റം വരില്ല. എന്നാല്‍ ചിലതിന് 80 ശതമാനമോ അതിലധികമോ വില കുറയാന്‍ സാധ്യതയുണ്ട്. വ്യാപകമായി ഉപയോഗിച്ചു വരുന്ന ചില മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രക്തസമ്മര്‍ദം കുറക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എക്‌സ്‌ഫോര്‍ഗ് എന്ന പേരിലുള്ള 20 ടാബ്‌ലറ്റുകളുടെ വില 274 ല്‍നിന്ന് 156 റിയാലായി കുറയും. സന്ധിവാതം പോലുള്ള അസുഖങ്ങള്‍ക്കു കഴിക്കുന്ന ആര്‍കോക്‌സിയ 28 ടാബ്‌ലറ്റുകളുടെ വില 49.25ല്‍ നിന്ന് 43.50 റിയാലായി കുറയും. പ്രമേഹത്തിന് ഉപയോഗിക്കുന്ന 60 മില്ലി ഡിമിക്രോണ്‍ എന്ന ടാബ്‌ലറ്റ് 30 എണ്ണത്തിന്റെ വില 93ല്‍ നിന്ന് 26 ആയാണ് കുറയുക. വില കുറയുന്നതോടെ വിലക്കൂടുതല്‍ കാരണം മരുന്നു കഴിക്കല്‍ പ്രയാസപ്പെട്ടിരുന്നവര്‍ക്കുകൂടി മരുന്നു വാങ്ങാന്‍ സാധിക്കുന്ന സാഹചര്യമാണ് വരുന്നതെന്ന് ദോഹ ഗോള്‍ഡ് സൂഖിലെ ഏഷ്യന്‍ ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് അബ്ദുല്‍ ബാകി പറഞ്ഞു. രാജ്യത്തെ കുറഞ്ഞ വരുനമാനക്കാരായ നിരവധി രോഗികള്‍ക്ക് താങ്ങാനാകാത്ത വിധമുള്ള വരുന്നുകളാണ് നിശ്ചയിക്കപ്പെടുന്നതെന്നും ആവശ്യമായത്ര കാലം മരുന്നു കഴിക്കാന്‍ ഈവര്‍ക്കു കഴിയുന്നില്ലെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. അതുപോലെ തന്നെ പലരും ഡോക്ടര്‍മാരെ കാണാതെ തെന്ന മരുന്നു വാങ്ങിക്കഴിക്കുന്നു. പതിയാവി ഡോക്ടറെ കാണുന്നതിനുള്ള പണമില്ലാത്തതാണ് പ്രശ്‌നം. മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുന്ന മരുന്നുകള്‍ സര്‍ക്കാര്‍ ഫാര്‍മസികളില്‍നിന്നും സബ്‌സിഡി നിരക്കില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here