ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കി

Posted on: April 5, 2016 4:54 pm | Last updated: April 6, 2016 at 9:35 am
SHARE

 

പാട്‌ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കി. ബീഹാറില്‍ ഇന്നു ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ രാജ്യത്ത് പൂര്‍ണമായി മദ്യം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമായി ബിഹാര്‍. ഇനിമുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍മി കാന്റീനുകളില്‍ മദ്യം ലഭിക്കും.

സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചാരായത്തിനും കള്ളിനും നേരത്തെ തന്നെ ബിഹാറില്‍ നിരോധമുണ്ടായിരുന്നു. 2,000 കോടി രൂപ വിദേശ മദ്യ വില്‍പ്പനയിലൂടെയും 4000 കോടി രൂപ ഇന്ത്യന്‍ നിര്‍മിത മദ്യവില്‍പ്പനയിലൂടെയും ബിഹാര്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.

സാധാരണക്കാരാണ് മദ്യത്തിന് അടിമയാവുന്നവരില്‍ ഏറെയും. ഇത് കുടുംബ ബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപയോഗത്തിലൂടെ സ്ത്രീകളാണ് ഏറ്റവും ബുദ്ധിമുട്ടുന്നതെന്നും നിതീഷ് പറഞ്ഞു.