Connect with us

Gulf

കോടികളുമായി മലയാളി മുങ്ങി; സെയില്‍സ്മാന്‍മാര്‍ ഭീതിയില്‍

Published

|

Last Updated

അബുദാബി: കമ്പനി പൂട്ടി മലയാളി കോടികളുമായി മുങ്ങി. ഇതോടെ കമ്പനിയില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സെയില്‍സ്മാന്‍മാര്‍ ആശങ്കയിലായി. അബുദാബി സിറ്റി ടെര്‍മിനലിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ ജില്ലയിലെ കോമല്ലൂര്‍ സ്വദേശിയാണ് സ്ഥാപനം പൂട്ടി കടന്നുകളഞ്ഞത്.

സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ കൂടാതെ കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുമായിരുന്നു. 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന കമ്പനി പൂട്ടുമെന്ന് ആരും കരുതിയില്ല. കബളിപ്പിക്കപ്പെട്ടവരിലധികവും മലയാളികളാണ്. യു എ ഇയിലെ വിവിധ കമ്പനികള്‍ക്ക് 30,000 മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ കൊടുക്കാനുണ്ട്. ഏകദേശം 150ലധികം കമ്പനികള്‍ ഈ സ്ഥാപനത്തിന് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നതായി സെയില്‍സ്മാന്മാര്‍ വ്യക്തമാക്കുന്നു.

അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ                  കമ്പനികളാണ്കബളിപ്പിക്കപ്പെട്ടവയിലധികവും. കഴിഞ്ഞമാസം 28ന് തിങ്കളാഴ്ച വരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന കമ്പനി എല്ലാം സെയില്‍സ് മാന്മാരോടും 29ന് ചൊവ്വാഴ്ച കാശ് നല്‍കാം എന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ചക്ക് ശേഷം സ്ഥാപനം തുറന്നില്ലെന്ന് സ്ഥാപനം നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ വാച്ച്മാനും സെയില്‍സ്മാന്മാരും സിറാജിനോട് പറഞ്ഞു. ഒരു വര്‍ഷത്തോളമായി സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന ചെക്കുകള്‍ ബേങ്കില്‍ നിന്നും തിരിച്ചുവരികയാണ് പതിവെന്നും ചെക്ക് സ്ഥാപനത്തില്‍ തിരിച്ച് നല്‍കിയാല്‍ പകരം കാശ് തരാറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ മാസം അവസാനം മുതല്‍ സ്ഥാപനം അടച്ച് പൂട്ടുകയും സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും സെയില്‍സ്മാന്മാര്‍ പറയുന്നു.

വിവിധ കമ്പനികളുടെ സെയില്‍സ്മാന്മാര്‍ സംഘടിച്ച് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, അബുദാബി ശാബിയ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുവാനുള്ള ഒരുക്കത്തിലാണ്. സഹോദരങ്ങള്‍ ഉള്‍പടെ മൂന്ന് പേരാണ് സ്ഥാപനത്തിന്റെ ഉടമകളെന്നും ഇവര്‍ക്കെതിരെ വിവിധ ചെക്ക് കേസുകള്‍ നിലവിലുണ്ടെന്നും സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സെയില്‍സ്മാന്‍ പറഞ്ഞു.

Latest