ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി

Posted on: April 5, 2016 2:18 pm | Last updated: April 5, 2016 at 6:30 pm

high courtകൊച്ചി: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി അനധികൃത നിര്‍മ്മാണം കണ്ടെത്തിയ ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി സമുച്ചയത്തിന്റെ കൂട്ടിചേര്‍ത്ത ഭാഗങ്ങള്‍ പൊളിക്കാമെന്നും പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുരുതെന്നും കോടതി വ്യക്തമാക്കി.

രാജധാനി കെട്ടിടം അളന്നുതിട്ടപ്പെടുത്തി ഇന്നുതന്നെ പൊളിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതികാരനടപടിയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. സര്‍ക്കാരിനെതിരെ താന്‍ പലതും വിളിച്ചു പറയുന്നതുകൊണ്ടാണിത്. കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്കിലല്ല. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ട്. ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിധി നേടിയെടുത്തത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിജു രമേശ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22നാണ്, കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് പൊളിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നും അതിനാല്‍ പൊളിച്ചു മാറ്റണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു.