പഠാന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണ സംഘം

Posted on: April 5, 2016 10:45 am | Last updated: April 5, 2016 at 6:17 pm

pak teamന്യൂഡല്‍ഹി: പഠാന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണസംഘം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത അന്വേഷണ സംഘത്തിലെ (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാക് പത്രമായ പാകിസ്താന്‍ ടുഡേ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം മാര്‍ച്ച് അവസാനം പഠാന്‍കോട്ട് സന്ദര്‍ശിച്ച് തെളിവെടുത്തിരുന്നു. പാക് അന്വേഷണ സംഘവുമായി ഇന്ത്യ സഹകരിച്ചില്ല. മാത്രമല്ല, അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. പഠാന്‍കോട്ടില്‍ ആക്രമണം നടക്കുമെന്നത് സംബന്ധിച്ച വിവരം ഇന്ത്യയ്ക്കുണ്ടായിരുന്നു. സംയുക്ത അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് സമര്‍പ്പിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ സംശയനിഴലിലായ ഗുരുദാസ്പൂര്‍ എസ്.പിയേയും സംഘം ചോദ്യം ചെയ്തിരുന്നു.

പഠാന്‍കോട്ട് ആക്രമണവുമായി ഇന്ത്യ ഉയര്‍ത്തിയ വാദങ്ങളെ റിപ്പോര്‍ട്ട് ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പാകിസ്ഥാനില്‍ നിന്ന് എത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ കൊല്ലപ്പെട്ടു. എന്നാല്‍, ലോകശ്രദ്ധ കിട്ടുന്നതിന് വേണ്ടി ആക്രമണം മൂന്നു ദിവസത്തേക്ക് ഇന്ത്യ നീട്ടുകയായിരുന്നു.

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന്‍ ഭീകരരുടെ രാഷ്ട്രമാണെന്ന് കാണിക്കാനായി ഇന്ത്യ നടത്തിയ നാടകമായിരുന്നു ഇത്. മണിക്കൂറുകള്‍ക്കകം തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടും മൂന്ന് ദിവസം ഏറ്റുമുട്ടല്‍ നടന്നുവെന്ന് വരുത്തിവെച്ചത് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ഭീകരതയില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നാടകമാണ് പഠാന്‍കോട്ട് ആക്രമണം എന്ന് പറഞ്ഞു കൊണ്ടാണ് സംഘം റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതെന്ന് പത്രം പറയുന്നു.