വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരളം

Posted on: April 5, 2016 9:43 am | Last updated: April 5, 2016 at 9:48 am
SHARE

kerala tourismതിരുവനന്തപുരം: റോഡ് ഷോയിലൂടെയും ബീജിംഗ് ഇന്റര്‍ നാഷനല്‍ ടൂറിസം എക്‌സ്‌പോയിലൂടെയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരളം. ചൈനയില്‍ നിന്നും സഊദി അറേബ്യയില്‍ നിന്നുമുള്ളവരെയാണ് ഈ രീതിയില്‍ കേരളത്തിലേക്കെത്തിക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത്. ചൈനീസ് ടൂറിസം മേഖലയില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ട് റോഡ് ഷോകളും നാല് ദിവസത്തെ ബീജിംഗ് ഇന്റര്‍ നാഷനല്‍ ടൂറിസം എക്‌സ്‌പോയില്‍ പങ്കെടുക്കാനും തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ക്യാമ്പയിന്‍ നടത്തുന്നതിനുള്ള അനുമതി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വാങ്ങിക്കഴിഞ്ഞു.

നാല് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് രണ്ട് റോഡ് ഷോകള്‍ സഊദി അറേബ്യയില്‍ സംഘടിപ്പിക്കുന്നത്. വേനലവധി ആഘോഷിക്കാന്‍ ദൈവത്തിന്റെ നാട്ടിലേക്ക് സഊദിക്കാരെ ക്ഷണിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലേക്ക് കുതിക്കാന്‍ സംസ്ഥാനവും തയ്യാറെടുക്കുകയാണ്. ബീജിംഗ് ഇന്റര്‍ നാഷണല്‍ ടൂറിസം എക്‌സ്‌പോയില്‍ കേരളം പങ്കെടുക്കുന്നതോടെ കേരളത്തിലേക്കെത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. പത്ത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

ഇത് രണ്ടാമത്തെ തവണയാണ് എക്‌സ്‌പോയില്‍ കേരളം പങ്കെടുക്കുന്നത്. മെയ് 20നാണ് എക്‌സ്‌പോ നടക്കുന്നത്. റോഡ് ഷോയിലൂടെ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയും വിനോദ സഞ്ചാര വകുപ്പിനുണ്ട്. മെയ് 24ന് സൗത്ത് വെസ്റ്റേണ്‍ സിച്യുവാന്‍ പ്രെവിശ്യയിലും മെയ് 26ന് ഗ്വാങ്ങ്‌ഡോങിലുമാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം റോഡ് ഷോയിലൂടെ വിനോദ സഞ്ചാര മേഖലക്ക് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here