എസ് എസ് എഫ് ധര്‍മ ജാഗരണ യാത്രക്ക് ഉജ്ജ്വല വരവേല്‍പ്പ്

Posted on: April 5, 2016 12:20 am | Last updated: April 5, 2016 at 12:20 am

കോഴിക്കോട്: എസ് എസ് എഫ് ധര്‍മജാഗരണ യാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ഊജ്ജ്വല സ്വീക രണം. തളിപ്പറമ്പ്, പഴയങ്ങാടി, കണ്ണൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി, പാനൂര്‍ എന്നിവിടങ്ങളിലാണ് യാത്രക്ക് സ്വീകരണം നല്‍കിയത്. ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ പാനൂരില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ യാത്രാ സംഘത്തെ ചരിത്ര പ്രസിദ്ധമായ കുഞ്ഞിപ്പള്ളിയില്‍ കോഴിക്കോട് ജില്ലാ നേതാക്കള്‍ സ്വീകരിച്ചു.
കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം വടകര ബസ് സ്റ്റാന്റ് പരിസരത്ത് വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍, മുനീര്‍ സഖാഫി, സി കെ റാശിദ് ബുഖാരി പ്രസംഗിച്ചു.
നാദാപുരത്ത് നടന്ന സ്വീകരണ സമ്മേളനം സയ്യിദ് ത്വാഹാ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ഇബ്റാഹീം സഖാഫി കുമ്മോളി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, സമദ് സഖാഫി മായനാട്, യു കെ സ്വാദിഖ് പ്രസംഗിച്ചു. ‘മതേതരത്വം കാക്കാന്‍ രണ്ട് മുന്നണികളെന്തിന്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ വഹാബ് തങ്ങള്‍ വിഷയാവതരണം നടത്തി. സ്വീകരണ കേന്ദ്രങ്ങളില്‍ യാത്രാനായകന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. യാത്രക്ക് ഇന്ന് നടുവണ്ണൂര്‍, പയ്യോളി, പൂനൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. പുനൂരില്‍ പി എ ഫാറൂഖ് നഈമി ആത്മീയ പ്രഭാഷണം നിര്‍വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് നയിക്കുന്ന മധ്യമേഖലാ ജാഗരണ യാത്രക്ക് പാലക്കാട്ട് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. നൂറ് കണക്കിന് ധര്‍മസംഘം പ്രവര്‍ത്തകരുടെ അകമ്പടിയോടെ കരിമ്പനകളുടെ നാട്ടിലേക്ക് പ്രവേശിച്ച ജാഥക്ക് പടിഞ്ഞാറങ്ങാടി, കൊപ്പം, ഓങ്ങല്ലുര്‍, ചെര്‍പ്പുളശ്ശേരി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ അബ്ദുല്‍ റഷീദ്, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍ , കെ എം ഹാശിര്‍ സഖാഫി, സി പി ശഫീഖ് ബുഖാരി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. യാത്രക്ക് ഇന്ന് പാലക്കാട്, മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുത്തനത്താണി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.