പുകയില നിയന്ത്രണം; പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍

Posted on: April 5, 2016 4:15 am | Last updated: April 5, 2016 at 12:17 am
SHARE

SMOKE2തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പുകയില നിയന്ത്രണം ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ, ചികിത്സാ മേഖലകളിലെ വിദഗ്ധര്‍.
പുകയില നിയന്ത്രണത്തിനുള്ള നിക്ഷേപമെന്നത് പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള നിക്ഷേപമാണെന്ന് ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്‍മാനും തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. പകര്‍ച്ച വ്യാധികളല്ലാത്ത രക്താദി മര്‍ദ്ദം, ഹൃദയരക്തധമനീ സംബന്ധ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗമിതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കണ്ടുവരുന്ന 40 ശതമാനം അര്‍ബുദങ്ങള്‍ക്കും കാരണം പുകയിലയാണ്. പുകയിലയുടെ നികുതി വരുമാനമായി 315 കോടി രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ പുകയില ഉപയോഗം മൂലം കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രതിവര്‍ഷം 1514 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് 2011-12 ലെ ലോകാരോഗ്യ സംഘടനയുടെ പഠനത്തെ മുന്‍നിര്‍ത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുകയിലജന്യ രോഗങ്ങളില്‍നിന്ന് കുട്ടികളേയും യുവജനങ്ങളേയും സംരക്ഷിക്കാന്‍ പൊതുജനാരോഗ്യ രംഗത്ത് പദ്ധതികളാവിഷ്‌കരിക്കുക, പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിന് അവയുടെ നികുതി യുക്തിസഹമായി പരിഷ്‌കരിക്കുക, പുകരഹിത പുകയില ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും സംസ്ഥാനത്ത് പൂര്‍ണമായും നിരോധിക്കുക, പുകയില ഉത്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ സി സി അഡീഷനല്‍ പ്രൊഫ. ഡോ. പി ജി ബാലഗോപാല്‍ നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന അസാമിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പുകയില നിയന്ത്രണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ സി സി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍ ജയകൃഷ്ണന്‍ പറഞ്ഞു. ആര്‍ സി സി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ആര്‍ രാമദാസ്, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (എ എം സി എച്ച് എസ് എസ്)മേധാവി പ്രൊഫ. ഡോ കെ ആര്‍ തങ്കപ്പന്‍, ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ കാര്‍ഡിയോളജി പ്രൊഫ. ഡോ എസ് ശിവശങ്കരന്‍, ആര്‍ സി സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ രമണി എസ് വെസ്‌ലി, ആര്‍ സി സി അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ ജിജി തോമസ്, ഡോ ആര്‍ ജയകൃഷ്ണന്‍, എ എം സി എച്ച് എസ് എസിലെ ഡോ. ജി കെ മിനി എന്നിവരും ഈ ആവശ്യങ്ങളുന്നയിച്ചുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here