Connect with us

Kerala

വടകര സംഭവം: എസ് ഐക്കും എ എസ് ഐക്കും സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: വടകരയില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും അനാശാസ്യമാരോപിച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ച സംഭവത്തെ തുടര്‍ന്നുള്ള പോലീസ് നടപടിക്രമങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ വടകര എസ് എച്ച് ഒ യും സബ് ഇന്‍സ്‌പെക്ടറുമായ ഹരീഷ്, അഡീ. സബ് ഇന്‍സ്‌പെക്ടര്‍ പി കെ ബാബുരാജ് എന്നിവരെ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനുമെതിരെ വാച്യാനേഷണത്തിനും ഉത്തരവായി.
ഇതു സംബന്ധിച്ച് പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്‍മേല്‍ ഉത്തരമേഖല ട്രാഫിക് പോലീസ് സുപ്രണ്ട് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തലാണ് നടപടി. 2016 മാര്‍ച്ച് മൂന്നിന് രാവിലെ വടകരയുള്ള സ്വാല്‍ക്കോസ് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ പി ആര്‍ ഒ ആയി ജോലിയില്‍ പ്രവേശിക്കാനെത്തിയതായിരുന്നു പരാതിക്കാരി. ഈ സമയം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഒരു വനിതാ ജീവനക്കാരിയും സൊസൈറ്റിയിലുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് വനിതാജീവനക്കാരി ജോലി സംബന്ധമായി പുറത്തു പോയപ്പോള്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ച് മുപ്പതോളം പേര്‍ സ്വകാര്യ ചാനല്‍ സംഘത്തെയും കൂട്ടി പരാതിക്കാരിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും എതിരെ അനാശാസ്യം ആരോപിച്ച് മുദ്രാവാക്യം വിളിക്കുകയും ഫോട്ടോയും വീഡിയോയും എടുത്ത് സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുകയും മുറി പുറത്തു നിന്നും പൂട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എത്തിയ പോലീസ് ഇവരെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി വൈകിട്ട് അഞ്ചര വരെ അവിടെയിരുത്തുകയും അവരോട് മോശമായി പെരുമാറുകയും അവരുടെ ഭാഗം കേള്‍ക്കാന്‍ വിസമ്മിതിക്കുകയും ചെയ്തുവെന്നാണ് പരാതി.
എസ് എച്ച് ഒ ഹരീഷും അഡീ.സബ് ഇന്‍സ്‌പെക്ടര്‍ പി കെ ബാബുരാജും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ വിശ്വംഭരനും ഇരുവരോടും വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതായും മാനസികമായി പീഡിപ്പിച്ചതായും ഉള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു സ്ത്രീ എന്ന പരിഗണന നല്‍കാതെയും അവരുടെ ഭാഗം കേള്‍ക്കാതെയും പരാതിക്കാരിക്ക് നിയമപരമായും മനുഷ്യാവകാശപരമായും ഉള്ള അധികാരങ്ങളെയും അവകാശങ്ങളെയും നിഷേധിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം അവരെ അപമാനിക്കാനായി കൂടിയവരുടെ കൈയിലെ ചട്ടുകങ്ങളായി പരാതിക്കാരിയെ ബുദ്ധിമുട്ടിക്കാനും സ്ഥലത്ത് സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കാനും പോലീസ് ഉദ്യോഗസ്ഥരുടെ നടപടി കാരണമായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ വിശ്വംഭരന്‍, എസ് ഐ, അഡീ. എസ് ഐ എന്നിവര്‍ക്കെതിരെ വാച്യാന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷനര്‍ ഉമ ബഹ്‌റയെ സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Latest