ഗ്രാന്‍ഡ് ഫിനാലെ ബാല ശാസ്ത്ര വിജ്ഞാനോത്സവം നാളെ മുതല്‍ കൊച്ചിയില്‍

Posted on: April 5, 2016 3:08 am | Last updated: April 5, 2016 at 12:10 am
SHARE

കൊച്ചി: കുരുന്നു ശാസ്ത്രപ്രതിഭകളെ പ്രകാശത്തിന്റെയും പ്രകാശോര്‍ജ്ജത്തിന്റെയും ശാസത്രലോകത്തേക്ക് നയിക്കുന്ന ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് ലൈറ്റ് (ഐ വൈ എഫ്) ഉത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ബാല ശാസ്ത്ര വിജ്ഞാനോത്സവം ഈ മാസം അഞ്ച് മുതല്‍ ഏഴ് വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കും. ഈ അധ്യായന വര്‍ഷം പതിനാല് ജില്ലകളിലായി നടന്ന ഐ വൈ എഫ് ഉത്സവത്തില്‍ കേരളത്തിലെ തിരഞ്ഞെടുത്ത നൂറ്റിയമ്പത്തേഴ് പ്രതിഭകള്‍ ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കും.
ആരോഗ്യം, വാര്‍ത്താവിനിമയം, കമ്പ്യൂട്ടര്‍, ലൈറ്റിംഗ്, സെന്‍സിംഗ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രകാശത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് യു എന്‍ ജനറല്‍ അസംബ്ലി 2015 ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് ലൈറ്റ് ആയി പ്രഖ്യപിച്ചത്. ഇത് മുന്‍നിര്‍ത്തി പ്രകാശത്തിന്റെ ശാസ്ത്രശാഖയെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും, ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും, അവര്‍ക്ക് പരിശീലനം നല്‍കാനുമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഫെസ്റ്റിവല്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രഫ. വി കെ ദാമോദരന്‍ പറഞ്ഞു.
നെസ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് എന്‍ജിനീയേഴ്‌സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ കേരളാ ഘടകമാണ് കുട്ടി ശാസ്ത്രകാരന്മാരെ തിരഞ്ഞെടുക്കുന്ന ഐ വൈ എഫ് എന്ന മത്സരത്തിന്റെ സംഘാടകര്‍.
പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. ജെ ലതാ നാളെ രാവിലെ പത്തിന് നിര്‍വഹിക്കും. നൂറ്റിയമ്പത്തേഴ് വിദ്യാര്‍ഥികളും ഓരോ ജില്ലയില്‍നിന്നുമായി രണ്ട് അധ്യാപകരുമടങ്ങുന്ന സംഘം മൂന്ന് ദിവസം ക്യാമ്പസില്‍ താമസിച്ച് പ്രകാശ ശാസ്ത്ര സംബംന്ധമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.
വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രമുഖ ശാസ്ത്രജ്ഞരും, എന്‍ജിനീയര്‍മാരും, സംരംഭകരുമടങ്ങുന്ന സംഘത്തിന്റെ മുഴുവന്‍ സമയ പിന്തുണയുമുണ്ടാകും.
വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ക്ക്പുറമേ താത്പര്യമുള്ള ശാസ്ത്ര മേഖലകളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പദ്ധതികള്‍ക്കും സഹായം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here