Connect with us

Kerala

ജോണി നെല്ലൂരിന് എല്‍ഡിഎഫ് പിന്തുണയില്ല

Published

|

Last Updated

തിരുവനന്തപുരം: കോതമംഗലത്ത് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിട്ട് പുറത്തുവന്ന ജോണി നെല്ലൂരിനെ പരിഗണിക്കേണ്ടതില്ലെന്ന് സി പി എം തീരുമാനം. എസ് എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റും ഡി വൈ എഫ് ഐ ബ്ലോക് സെക്രട്ടറിയുമായ ആന്റണി ജോണ്‍ ഇവിടെ സി പി എം സ്ഥാനാര്‍ഥിയാകും. തൊടുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ. റോയി വാരിക്കാട്ടിന് പിന്തുണ നല്‍കും. ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനങ്ങള്‍. കോതമംഗലത്തിലും തൊടുപുഴയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതോടെ സി പി എം മത്സരിക്കുന്ന 92 സീറ്റുകളിലും സ്ഥാനാര്‍ഥികളായി.
അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. നികേഷിനെ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി ആക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കണ്ണൂര്‍ ജില്ല കമ്മിറ്റിയാണ് നികേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്ന് പിന്നീട് ആവശ്യപ്പെടുകയായിരുന്നു.
താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി ചിഹ്നത്തിലല്ലാത്ത സ്ഥാനാര്‍ഥിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. അഴീക്കോട് മണ്ഡലത്തില്‍ ഇതുവരെ സി പി എം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇടതുപക്ഷത്തിനായി മത്സരിച്ചിട്ടുള്ളതെന്നും പരിചയമല്ലാത്ത ചിഹ്നമാണെങ്കില്‍ പരമ്പരാഗത വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചാല്‍ നികേഷ് സി എം പിയുടെ സ്ഥാനാര്‍ഥിയാണെന്നു വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയും സി പി എമ്മിനുണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
എല്‍ ഡ ി എഫില്‍ കോതമംഗലം സീറ്റ് ലക്ഷ്യംവച്ച് യുഡിഎഫ് വിട്ട ജോണി നെല്ലൂരിനെ പിന്തുണക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി ജോണി നെല്ലൂരിന്റെ ഇടതു പ്രവേശനത്തിനെതിരെ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് കോതമംഗലത്ത് ആന്റണി ജോണിനെ തന്നെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
തൊടുപുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന റോയി വാരിക്കാട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്നു. മുമ്പ് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ്, ഡി ഐ സി ജില്ലാജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest