Connect with us

National

സായിബാബക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോവാദി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെ ന്ന് ആരോപിച്ച് 2014 മെയില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മുന്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സായിബാബയുടെ അറസ്റ്റിനെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. “നിങ്ങള്‍ തീര്‍ത്തും നീതിരഹിതമായാണ് കുറ്റാരോപിതനോട് പെരുമാറുന്നതെന്നും സാക്ഷിമൊഴികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എന്നിട്ടും ഇദ്ദേഹത്തെ ജയിലില്‍ തന്നെ ഇടണമെന്ന് എന്താണ് നിര്‍ബന്ധ”മെന്നും ജസ്റ്റിസ് ജെ എസ് ഖേഹര്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ചോദിച്ചു.
നിരോധിക്കപ്പെട്ട സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ തലവന്‍ ഗണപതിയടക്കമുള്ള അംഗങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും സംഘടനയുടെ മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകനാണെന്നും പോലീസ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍, ഇ തൊന്നും തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളജ് പ്രൊഫസറായ സായിബാബാ അരക്ക് കീഴേ തളര്‍ന്ന് വീല്‍ ചെയറിലാണ് കഴിയുന്നത്.
നേരത്തെ അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ഥി ഹേമന്ദ് മിശ്ര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സായ്ബാബയുടെ അറസ്റ്റ്. ഛത്തീസ്ഗഢിലെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കും സായ്ബാബക്കും ഇടയില്‍ സന്ദേശ വാഹകനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഹേമന്ദ് മിശ്രയുടെ മൊഴി. 2015 ജൂലൈയില്‍ സായ്ബാബക്ക് ജാമ്യം ലഭിച്ചെങ്കിലും ബോംബെ ഹൈക്കോടതി ഡിസംബറില്‍ അത് റദ്ദാക്കിയിരുന്നു.