തുര്‍ക്കി- യൂറോപ്യന്‍ യൂനിയന്‍ കരാര്‍ പ്രകാരം അഭയാര്‍ഥികളെ ഗ്രീസ് തിരിച്ചയച്ചു തുടങ്ങി

Posted on: April 4, 2016 10:31 pm | Last updated: April 4, 2016 at 10:31 pm

refugueesഏഥന്‍സ്: യൂറോപ്യന്‍ യൂനിയനുമായി തുര്‍ക്കി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ഗ്രീക്ക് പോലീസ് 200ലധികം അഭയാര്‍ഥികളെ ബോട്ടില്‍ തുര്‍ക്കിയിലേക്ക് അയച്ചിരുന്നു. 202 അഭയാര്‍ഥികളുമായി എത്തിയ മൂന്ന് ബോട്ടുകള്‍ ദികിലി തീരത്തണഞ്ഞതായി ഇസ്മീര്‍ പ്രവിശ്യാ ഗവര്‍ണര്‍ മുസ്ത്വഫ തോപ്‌റാക് അറിയിച്ചു. എന്നാല്‍ ഈ ബോട്ടുകളിലൊന്നും സിറിയക്കാരായ അഭയാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തിരിച്ചയച്ച എല്ലാ അഭയാര്‍ഥികളും പാക്കിസ്ഥാന്‍കാരാണെന്നും എന്നാല്‍ സിറിയക്കാരായ രണ്ട് പേര്‍ സ്വയം സന്നദ്ധരായി തിരികെ പോകുകയായിരുന്നുവെന്നും ഗ്രീക്ക് വക്താവ് അറിയിച്ചു. ഇവരില്‍ 136 പേരെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ നിന്നും 66 പേരെ തൊട്ടടുത്തുള്ള ചിയോസ് ദ്വീപില്‍ നിന്നുമാണ് തിരിച്ചയച്ചത്.
അതേസമയം തുര്‍ക്കിയില്‍ നിന്നുള്ള വിമാനത്തില്‍ 16 സിറിയന്‍ അഭയാര്‍ഥികള്‍ ജര്‍മനിയില്‍ എത്തി. ഗ്രീക്കില്‍ നിന്ന് തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്ന ഓരോ സിറിയന്‍ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയില്‍ അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാരെ അതേ അനുപാതത്തില്‍ യൂറോപ്യന്‍ യൂനിയനും പുനരധിവസിപ്പിക്കണം. ഇതനുസരിച്ചാണ് 16 സിറിയന്‍ അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തിയത്.
മാര്‍ച്ച് 20 മുതല്‍ തുര്‍ക്കിയില്‍ നിന്ന് ഗ്രീക്കിലെത്തുന്ന അനധികൃതരായ അഭയാര്‍ഥികളെയെല്ലാം മെഡിറ്ററേനിയന്‍ സമുദ്രം വഴി തിരിച്ചയക്കുമെന്ന് കരാറില്‍ പറയുന്നുണ്ട്.
കരാര്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം പേര്‍ ഗ്രീക്ക് സമുദ്ര തീരത്ത് വന്നണഞ്ഞിരുന്നു.
എന്നാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടിയെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായി എതിര്‍ത്തുവരുകയാണ്. ഇതിന് പുറമെ ഐക്യരാഷ്ട്ര സഭയും ഈ നടപടിയെ എതിര്‍ത്തിരുന്നു. അഭയാര്‍ഥികളുടെ അവകാശങ്ങളെ ഹനിക്കുന്നതും യുദ്ധം താറുമാറാക്കിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിര്‍ബന്ധിപ്പിച്ച് അവിടേക്ക് തന്നെ തിരിച്ചയക്കുകയുമാണ് ഇത് വഴി ചെയ്യുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.