Connect with us

International

മഴ, വെള്ളപ്പൊക്കം; പാക്കിസ്ഥാനില്‍ 57 മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാക് അധീന കാശ്മീരിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 57 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് അഞ്ച് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന് പാക്കിസ്ഥാന്‍ ദുരന്തനിവാരണ സംഘം അറിയിച്ചു.
വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഷംഗ്‌ല ജില്ലയെയാണ്. ഇവിടെ 14 പേര്‍ മരിച്ചു. കോശിസ്ഥാനില്‍ 12 പേരും സ്വാതില്‍ എട്ട് പേരും മരിച്ചു. പാക് അധീന കാശ്മീരിലെ ഗില്‍ജിത്ത് ബലിസ്ഥാന്‍ മേഖലയില്‍ അഞ്ച് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചിട്ടുണ്ട്. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പാലങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. നിരവധി കൃഷിയിടങ്ങളും വിളകളും മഴയില്‍ നശിച്ചിട്ടുണ്ട്. ഗില്‍ജിത്തിനെയും ചിലാസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേ ഭാഗങ്ങള്‍ തകര്‍ന്നതിനാല്‍ പത അടച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്. മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി.

Latest