മിഡില്‍ ഈസ്റ്റിലെ 70 ശതമാനം കുട്ടികളും നിഷ്‌ക്രിയ ധൂമപാനത്തിന്റെ ഇരകള്‍

Posted on: April 4, 2016 9:04 pm | Last updated: April 4, 2016 at 9:04 pm
SHARE

smokeദോഹ: മിഡില്‍ ഈസ്റ്റിലെ 70 ശതമാനം കുട്ടികളും മാളുകളിലെ നിഷ്‌ക്രിയ ധൂമപാനത്തിന്റെ ഇരകളാണെന്ന് റിപ്പോര്‍ട്ട്. സമൂഹത്തിലെ സാഹചര്യങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ സ്‌കൂളുകളിലെ പുകവലിവിരുദ്ധ ബോധവത്കരണങ്ങളൊന്നും ഫലവത്താകുന്നുമില്ല.
തുറന്ന സ്ഥലങ്ങളിലെ പുകവലിക്ക് പൂര്‍ണ നിരോധമാണ് നിഷ്‌ക്രിയ ധൂമപാനത്തിന്റെ കെടുതികളില്‍ നിന്ന് മുക്തമാകാനുള്ള ഏക പോംവഴിയെന്ന് ഗ്ലോബല്‍ അഡല്‍ട്ട് ടൊബാക്കോ സര്‍വേ (ഗാട്‌സ്)യില്‍ പറയുന്നു. ചെറിയ അളവില്‍ പോലുമുള്ള നിഷ്‌ക്രിയ ധൂമപാനം വലിയ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. മേഖലയിലെ മൂന്നിലൊന്ന് കുട്ടികളും വീടുകളില്‍ നിഷ്‌ക്രിയ ധൂമപാനത്തിന്റെ ഇരകളാണെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ ഡോ. ഫാത്വിമ അല്‍ ഈവ ചൂണ്ടിക്കാട്ടുന്നു. പുകവലിമുക്ത സ്‌കൂളുകള്‍ സൃഷ്ടിക്കുന്നതിന് സമൂഹത്തില്‍ നിന്ന് പിന്തുണ ആവശ്യമാണ്. സമൂഹത്തിലെ അന്തരീക്ഷത്തിന് മാറ്റം വരാതെ സ്‌കൂളിലെ ബോധവത്കരണങ്ങള്‍ കൊണ്ട് കാര്യമില്ല.
പുകവലി വിമുക്ത പൊതുസ്ഥലങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. മാളുകളില്‍ നിഷ്‌ക്രിയ ധൂമപാനത്തിന്റെ ഇരകളാണ് മേഖലയിലെ 70 ശതമാനം കുട്ടികളും. സമൂഹത്തിലുടനീളം പുകവലിക്കെതിരായി ശക്തമായ സന്ദേശം നല്‍കാന്‍ വിദ്യാര്‍ഥികളിലൂടെ സാധിക്കും. പക്ഷെ അതിന് സഹായകരമായ അന്തരീക്ഷം ആവശ്യമാണ്.
ചോദന, വിതരണം ശൃംഖലയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ പുകവലി ഉപയോഗം കുറക്കാവുന്നതാണ്. നിയമവിരുദ്ധ പുകയില വ്യാപാരം നിയന്ത്രിക്കേണ്ടതുണ്ട്. പുകയില കര്‍ഷകര്‍ക്ക് ബദല്‍ ജീവനോപാധികള്‍ വികസിപ്പിക്കുകയും വേണം. ചോദന അളവില്‍ നിയന്ത്രണം വരുത്തുന്നത് പുകവലിക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ്. പൊതു സ്ഥലങ്ങളിലെ പുകവലി നിരോധം, പുകവലി ഉത്പന്നങ്ങളുടെ പ്രമോഷനും സ്‌പോണ്‍സര്‍ഷിപ്പും നിരോധിക്കുക, നികുതി വര്‍ധിപ്പിക്കുക, പാക്കറ്റില്‍ ആരോഗ്യ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക തുടങ്ങിയവക്ക് വലിയ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധിക്കും. പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചാല്‍ പ്രത്യേകിച്ച് യുവാക്കളുടെയും കുട്ടികളുടെയും ഇടയിലെ പുകവലി കുറക്കാന്‍ സാധിക്കുമെന്നും ഡോ. ഫാത്വിമ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ പരിപാടികള്‍ക്ക് പുകയില കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാതിരിക്കുക വലിയൊരു പ്രതിരോധ മാര്‍ഗമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ജവാദ് അള്‍ ലവാതി പറഞ്ഞു. എത്ര പണം തന്നാലും വാഗ്ദാനം സ്വീകരിക്കരുത്. കളിസ്ഥലങ്ങള്‍ പുകവലിമുക്തമാക്കാന്‍ മലേഷ്യ സ്വീകരിച്ച നടപടികള്‍ പ്രയോജനപ്രദമാണ്. അവിടെ കളിസ്ഥലങ്ങളില്‍ നിന്ന് 20 മീറ്റര്‍ അകലെ മാത്രമെ പുകവലിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here