പിലിഭിത്ത് വ്യാജ ഏറ്റുമുട്ടല്‍; 47 പോലീസുകാര്‍ക്ക് ജീവപര്യന്തം

Posted on: April 4, 2016 7:29 pm | Last updated: April 5, 2016 at 10:25 am
SHARE

pilibhithലക്‌നോ: വ്യാജ ഏറ്റുമുട്ടലിലൂടെ പത്ത് സിഖ് തീര്‍ഥാടകരെ കൊലപ്പെടുത്തിയ കേസില്‍ 47 പോലീസുകാര്‍ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിലാണ് സി ബി ഐ പ്രത്യേക കോടതി വിധി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് ജഡ്ജി ലല്ലു സിംഗ് ഈ മാസം ഒന്നിന് വിധിച്ചിരുന്നു. ഇരുപത് പോലീസുകാര്‍ ഇന്നലെ കോടതി മുമ്പാകെ ഹാജരായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശേഷിക്കുന്ന 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
1991 ജൂലൈ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിഖ് തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി പത്ത് യാത്രക്കാരെ പോലീസുകാര്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. ഇവരെ വിവിധ വിഭാഗമായി തിരിച്ച് വനമേഖലയില്‍ കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ‘ഏറ്റുമുട്ടല്‍’ നടത്തിയ ശേഷം പത്ത് ഖലിസ്ഥാന്‍ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് പോലീസ് അവകാശപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്നും ഇവര്‍ ആയുധധാരികളായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് കേസ് സി ബി ഐ ഏറ്റെടുത്തത്. പിലിഭിത്തിലേക്കുള്ള യാത്രാമധ്യേ ബസ് പോലീസുകാര്‍ തടയുകയായിരുന്നുവെന്നാണ് സി ബി ഐ പറയുന്നത്. തീര്‍ഥാടകരെ വാഹനത്തില്‍ നിന്ന് ഇറക്കിയ ശേഷം സ്ത്രീകളെയും കുട്ടികളെയും പിലിഭിത്തിലുള്ള ഗുരുദ്വാരയിലേക്ക് മാറ്റി. പുരുഷന്മാരെ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തുകയും ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.
പിലിഭിത്തിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ പത്ത് ഖലിസ്ഥാന്‍ തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് അവകാശപ്പെട്ടത്. ഇവരുടെ കൈയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായും അവകാശപ്പെട്ടിരുന്നു. 57 പോലീസുകാരാണ് കേസില്‍ ആരോപണവിധേയരായിരുന്നത്. ഇവരില്‍ പത്ത് പേര്‍ വിചാരണക്കിടെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here