യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

Posted on: April 4, 2016 3:18 pm | Last updated: April 4, 2016 at 3:18 pm
SHARE

indian schoolഅജ്മാന്‍:കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വര്‍ഷം തോറും കുട്ടികള്‍ കുറഞ്ഞുവരുമ്പോള്‍ യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റ നിരക്കിലെ വര്‍ധനവിന് ആനുപാതികമായി സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവ് സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ 4,016 കുട്ടികളും എയ്ഡഡ് മേഖലയില്‍ 5,308 കുട്ടികളുമാണ് കുറഞ്ഞത്. അതേസമയം യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2011 മുതല്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2011-12 ലെ കെ എച്ച് ഡി എ (നോളജ് ആന്റ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ റിപ്പോര്‍ട്ട് പ്രകാരം ദുബൈയില്‍ മാത്രം 28 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4,000ത്തിലേറെ കുട്ടികളുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന് ജെംസ് സ്‌കൂള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുഖ്‌വിന്തര്‍ ബാസ്സി പറയുന്നു. ജെംസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മാത്രമായി 52,000 കുട്ടികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ശബരി ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ക്രമാതീതമായി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അജ്മാനിലെ ഹാബിറ്റാറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ ഈ വര്‍ഷം മാത്രം ആയിരത്തിലേറെ പുതിയ കുട്ടികളാണ് പ്രവേശനം നേടിയത്.
വിദ്യാര്‍ഥികളുടെ വര്‍ധനവിന് ആനുപാതികമായി വിവിധ എമിറേറ്റുകളില്‍ പുതുതായി നിരവധി സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകള്‍ കൂടുതല്‍ കുട്ടികളെ ഉള്‍കൊള്ളാനാകും വിധം പുതിയ കെട്ടിടങ്ങളും പണിതു. ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പുതുതായി രണ്ട് സ്‌കൂളുകള്‍ നിലവില്‍ വന്നു. ദുബൈയില്‍ ജെംസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുതുതായി 20 സ്‌കൂളുകളാണ് നിര്‍മിച്ചുവരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ പഠന-ബോധന പ്രക്രിയയിലും നവീനമായ അധ്യാപന രീതികളും പല സ്‌കൂളുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും ശ്രദ്ധക്കുറവുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള പ്രത്യേക അധ്യാപകരെയും കൗണ്‍സിലര്‍മാരെയും നിയമിച്ച് കൂടുതല്‍ വ്യക്തിഗത പരിഗണന നല്‍കാനും സ്‌കൂളുകള്‍ ശ്രമിച്ചുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here