ദുബൈ മെട്രോ പച്ചപാത ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കും സിലികോണ്‍ ഓയാസിസിലേക്കും നീട്ടും

Posted on: April 4, 2016 3:08 pm | Last updated: April 4, 2016 at 3:08 pm
SHARE

DUBAI METROദുബൈ: ദുബൈ മെട്രോയുടെ പച്ചപാത ഇന്റര്‍നാഷ്ണല്‍ സിറ്റിയിലേക്കും സിലികോണ്‍ ഒയാസീസിലേക്കും നീട്ടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ആര്‍ ടി എ അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം പണി പൂര്‍ത്തിയാക്കും. ഇതിനുള്ള രൂപരേഖ ഉള്‍പെടെയുള്ളവ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ആര്‍ ടി എ റെയില്‍ വിഭാഗം സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്‌റാഹീം വ്യക്തമാക്കി.

11 കിലോമീറ്ററാണ് ഇതിന്റെ മൊത്തം നീളം. വേള്‍ഡ് എക്‌സ്‌പോ 2020നെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദുബൈ മെട്രോയുടെ ചുവപ്പ് പാത എക്‌സ്‌പോ സെന്റര്‍വരെ ദീര്‍ഘിപ്പിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു.

ദുബൈ മറീനയില്‍ നിന്നാണ് വേള്‍ഡ് എക്‌സ്‌പോ 2020ന്റെ 15 കിലോമീറ്റര്‍ ദൂരെയുള്ള സൈറ്റിലേക്ക് ദീര്‍ഘിപ്പിക്കുക. ഏഴു സ്റ്റേഷനുകളും പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഉണ്ടാവും. എത്രയും പെട്ടെന്ന് നിര്‍മാണം ആരംഭിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടിട്ടുണ്ട്. എക്‌സ്‌പോക്ക് മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കണം. രാജ്യാന്തര നിലവാരം ഉറപ്പാക്കിവേണം നിര്‍മാണം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ മേഖലയില്‍ സംഭവിക്കുന്ന ജനപ്പെരുപ്പവും മുന്‍കൂട്ടി മനസിലാക്കിയാവണം പദ്ധതി യാഥാര്‍ഥ്യമാക്കാനെന്നും ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചിട്ടുണ്ട്.
ദുബൈയുടെ തന്ത്രപ്രധാനമായ വീക്ഷണത്തിന്റെ ഭാഗമാണ് പുതിയ എക്‌സ്‌പോ 2020 റൂട്ടിന്റെ നിര്‍മാണ നീക്കമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബൈയുടെ സുസ്ഥിര വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബൈയില്‍ രാജ്യാന്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്.മെട്രോ, ട്രാം, ബസ് എന്നിവയിലൂടെ പൊതുജനങ്ങളുടെ നീക്കത്തിന് സഹായം നല്‍കാനാണ് ആര്‍ ടി എ എന്നും പരിഗണന നല്‍കുന്നത്. ആര്‍ ടി എയുടെ നഗരത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കലിന്റെ ഭാഗം കൂടിയാണിത്. ഗതാഗതക്കുരുക്കില്ലാത്തതും സുരക്ഷിതവുമായ പൊതുഗതാഗതമാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. റൂട്ട് 2020 എന്ന മെട്രോ വികസന പദ്ധതിയിലൂടെ സുരക്ഷിതവും ഗതാഗതക്കുരുക്കില്ലാത്തതുമായ ജനങ്ങളുടെ സഞ്ചാരമാണ് ലക്ഷ്യമാക്കുന്നത്.

വേള്‍ഡ് എക്‌സ്‌പോക്കായി എത്തുന്നവര്‍ക്ക് തിക്കിലും തിരക്കിലും അകപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ മെട്രോയുടെ ചുവപ്പ് പാതയുടെ വികസനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയുടെ വിവിധ ജില്ലകളെ കൂട്ടിയിണക്കുന്നതില്‍ മെട്രോ വലിയ സഹായമാണ് ചെയ്യുന്നത്. ആളുകള്‍ക്ക് നഗരത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്ക് തിക്കിലും തിരക്കിലും അകപ്പെടാതെ നീങ്ങാന്‍ ദുബൈ മെട്രോ നല്‍കുന്ന സൗകര്യം പ്രശംസനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here