കണ്‍സ്യൂമര്‍ഫെഡ്: സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted on: April 4, 2016 2:05 pm | Last updated: April 4, 2016 at 7:30 pm
SHARE

CN BALAKRISHNANതൃശ്ശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റ വിദേശമദ്യത്തിന്റെ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേടുണ്ടെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യവില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. ഇന്‍സെന്റീവ് കൈപ്പറ്റിയ രേഖകള്‍ കാണാനില്ല. ത്രിവേണി വാഹനങ്ങളുടെ അറ്റകുറ്റകുറ്റപണിക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ വിളിക്കതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 കാലത്ത് മദ്യ വില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. 2014ല്‍ രണ്ടു ലക്ഷം രൂപ മാത്രമാണ് ഇന്‍സെന്റീവായി ലഭിച്ചത്. എന്നാല്‍, ടോമിന്‍ തച്ചങ്കരി എം.ഡി ആയപ്പോള്‍ ഇന്‍സെന്റീവ് 90 ലക്ഷം രൂപയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ പടിഞ്ഞാറെക്കോട്ട കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ ഔട്ട് ലെറ്റില്‍ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് പണം കൊണ്ടുപോയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അടുത്ത മാസം നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സമയം നീട്ടിനല്‍കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

വിദേശ മദ്യം വാങ്ങിയതിന് അഞ്ച് കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയതുള്‍പ്പടെയുള്ള പരാതികളിന്മേല്‍ ഫെബ്രുവരി 18നായിരുന്നു കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന അഴിമതികളില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് മലയാളവേദി പ്രസിഡണ്ട് ജോര്‍ജ്ജ് വട്ടുകുളം, പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് എന്നിവരാണ് പരാതി നല്‍കിയത്.