നിലമ്പൂരില്‍ കടമ്പ കടക്കാന്‍ കാലുവാരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരു പക്ഷവും

Posted on: April 4, 2016 12:22 pm | Last updated: April 4, 2016 at 12:22 pm

നിലമ്പൂര്‍:നിലമ്പൂരില്‍ കടമ്പ കടക്കാന്‍ കാലുവാരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരു പക്ഷവും. മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായപ്പോള്‍ സ്വന്തം അണികളുടെയും അനുഭാവികളുടെയും വോട്ടിനേക്കാള്‍ സ്ഥാനാര്‍ഥികളും പരിവാരങ്ങളും പ്രതീക്ഷയര്‍പ്പിക്കുന്നത് മറു മുന്നണിയിലെ പാരകളെയാണ്.
കൂടെ സജീവമായി പ്രവര്‍ത്തിക്കുന്നവരെപ്പോലും സംശയത്തോടെയാണ് കാണുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഇരു മുന്നണികളിലും രൂപപ്പെട്ട അതൃപ്തി തിരഞ്ഞെടുപ്പില്‍ കാലുവാരാന്‍ കാരണമായാല്‍ നിലമ്പൂരിന്‍െ ഫലം പ്രവചനാതീതമാക്കും.

പാര്‍ട്ടി വോട്ടുകളും അനുഭാവ വോട്ടുകളും എണ്ണിനോക്കി ജയ പരാജയവും ഭൂരിപക്ഷവും എഴുതി കീശയിലിട്ട് വോട്ടുപിടിക്കാന്‍ ഇക്കുറി ഒരു മുന്നണിക്കും സാധ്യമല്ല. അനുഭാവികള്‍ ചതിക്കില്ലെന്ന ഉറപ്പ് ഇരു സ്ഥാനാര്‍ഥികള്‍ക്കുമില്ല. അര നൂറ്റോണ്ടോളം കാലം നിലമ്പൂരിന്റെ രാഷ്ടീയ ഗതി നിര്‍ണയിച്ച് കേരളത്തിന്റെ രാഷ്ടീയ ചാണക്യനായി വിലസിയ ആര്യാടന്‍ മുഹമ്മദ് പടിയിറങ്ങുമ്പോള്‍ ഇരുമുന്നണികളും ശുഭാപ്തി വിശ്വാസത്തിലാണ്. നാല് പതിറ്റാണ്ടോളം മണ്ഡലത്തിന്‍ കടിഞ്ഞാന്‍ പിടിച്ച ആര്യാടന് പിന്‍ഗാമി ഖദറിട്ട ഗാന്ധിയന്‍ തന്നെയാകുമെന്നതില്‍ വലതുപക്ഷത്തിന് സംശയമേയുണ്ടായിട്ടില്ല. രാഷ്ടീയ തറവാട്ടില്‍ ജനിച്ച് രാഷ്ടീയത്തിലെ പതിനെട്ടടവും ഗുരു തുല്യനായ പിതാവില്‍ നിന്ന് തന്നെ പഠിച്ച ഒരാള്‍ അങ്ങിനെ മോഹിക്കുന്നതില്‍ തെറ്റില്ലന്ന് ഒരു വിഭാഗം. കെ പി സി പ്രസിഡന്റടക്കമുള്ളവരില്‍ പ്രതീക്ഷയര്‍പ്പിച്ച കെ പി സി സെക്ട്രട്ടറി വി വി പ്രകാശിന് ഒരിക്കല്‍ കൂടി കാത്തിരിക്കാന്‍ അവസരം കിട്ടി.

പക്ഷെ അത് കാലുവാരി പ്രേതമായി രൂപപ്പെടുമോയെന്നാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയും കൂടെയുള്ളവരും ഭയപ്പെടുന്നത്. കെ പി സി സിയിലും ഡി സി സി സിയിലും പോഷക സംഘടനകളിലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അതൃപ്തരുടെ മുന്‍പന്തിയിലുണ്ടെന്നതും ആശങ്ക ബലപ്പെടുത്തുന്നുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പിന്‍ ഗന്ധമുള്ള നിലമ്പൂരില്‍ ചെങ്കൊടി ഉയര്‍ത്താന്‍ ഖദറഴിച്ച ഇടതു സഹകാരികളെ മാത്രം മതിയെന്ന് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.

മണ്ഡലം രൂപീകൃതമായ 1965 കേരള നിയമസഭയില്‍ നിലമ്പൂരിന് വേണ്ടി ചെങ്കടി പാറിച്ച ഏറനാടിന്റെ കമ്മ്യൂണിസ്റ്റാചാര്യന്‍ സഖാവ് കുഞ്ഞാലിയുടെ പിന്‍ഗാമിയാവാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ രംഗത്തെത്തിയില്ലെങ്കിലും ചെങ്കൊടിക്കായി ഇടതു സഹയാത്രികരായി മാറിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫ. തോമസ് മാത്യുവും പി വി അന്‍വറും മാരത്തോണ്‍ ഓടി. പക്ഷെ ഫോട്ടോ ഫിനിഷിംഗില്‍ അന്‍വര്‍ ജേതാവായി. ഇടതു പാരമ്പര്യമില്ലെന്നും ഏറനാട്ടിലും വയനാട്ടിലും ചെങ്കൊടിയെ ചതിച്ചവനെന്ന് ആക്രോശിച്ചെങ്കിലും പാര്‍ട്ടി പറഞ്ഞു അന്‍വര്‍ മതി. ഭിന്ന സ്വരം കെട്ടടങ്ങുമെന്ന് നിനച്ചവര്‍ക്ക് തെറ്റി. അന്‍വറിനെതിരെ പാര്‍ട്ടി ലേബലില്‍ പ്രകടനങ്ങളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി തീരുമാനം മാനിക്കുമെന്ന് പാര്‍ട്ടി പറയുന്നണ്ടെങ്കിലും അപസ്വരങ്ങള്‍ തിരഞ്ഞെടുപ്പില്‍ കാലുവാരാനിടയാക്കുമോയെന്ന് ആശങ്ക ശക്തമാണ്.