Connect with us

Kannur

കൊടും ചൂടില്‍ പൈതല്‍മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Published

|

Last Updated

തളിപ്പറമ്പ്: മീനമാസത്തിലെ ചൂട് കനത്തതോടെ കൊടുംചൂടില്‍ നിന്ന് ആശ്വാസം നേടാന്‍ തണല്‍ തേടി പൈതല്‍മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സമുദ്രനിരപ്പില്‍ നിന്നും 4,500 അടി ഉയരത്തില്‍ സ്ഥതി ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ സ്ഥിതിചെയ്യുന്ന പൈതല്‍മല കേരളത്തിലെ തന്നെ പ്രധാന സാഹസിക വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ്.

കര്‍ണാടക മലനിരപ്പുകളോട് ചേര്‍ന്ന് കിടക്കുന്ന പൈതല്‍മല കടുത്ത ചൂടിലും സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ തണുത്ത കാലാവസ്ഥയാണ്. കിലോമീറ്ററുകള്‍ നീണ്ടുനില്‍ക്കുന്ന പുല്‍മേടുകളും ചോലവനങ്ങളും കാട്ടരുവികളും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പൈതല്‍മല സഞ്ചാരികള്‍ക്ക് താവളമാവുകയാണ്്. കണ്ണൂരിന്റെ കടലോരങ്ങള്‍, ഏഴിമല നാവിക അക്കാദമി, കുടക് മല നിരപ്പുകള്‍ തുടങ്ങി കാഴ്ചകളുടെ നിത്യവസന്തമാണ് പൈതല്‍മലയിലെ ആത്മഹത്യ മുനമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ആലക്കോട്, കാപ്പിമല, കുടിയാന്മല, പൊട്ടന്‍പ്ലാവ് വഴിയാണ് ടൂറിസ്റ്റുകള്‍ പൈതല്‍മലയിലേക്ക് എത്തുന്നത്.
താഴ് വരയിലെ കാഴ്ചകള്‍ക്കൊപ്പം കുളിര്‍ക്കാറ്റും കോടമഞ്ഞും പൈതല്‍മലയെ മലബാറിലെ മൂന്നാറാക്കി മാറ്റുകയാണ്. സാഹസിക യാത്രകളിലൂടെ മലകയറി ആകാശത്തോട് ചേര്‍ന്ന് കിടക്കുന്ന പൈതലിന്റെ മടിത്തട്ടിലെത്തുമ്പോള്‍ അവിസ്മരണീയമായ അനുഭൂതിയാണ് ടൂറിസ്റ്റുകള്‍ക്കുണ്ടാകുന്നത്. ആത്മഹത്യ മുനമ്പിനൊപ്പം വ്യൂപോയിന്റ്, പൈതല്‍ കോനല്‍ രാജാക്കന്മാരുടെ കോട്ടയുടെ അവശിഷ്ടങ്ങള്‍, ഇതിന് സമീപത്തുള്ള അരുവിയില്‍ വളര്‍ന്നുനില്‍ക്കുന്ന 2000 വര്‍ഷം പഴക്കമുള്ള പിന്നല്‍ചെടികള്‍, വാച്ച് ടവര്‍ ദൃശ്യങ്ങള്‍ തുടങ്ങിയവയും ടൂറിസ്റ്റുകളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകളാണ്. പൈതലിന് തൊട്ട് സമീപം സ്ഥിതി ചെയ്യുന്ന പാലക്കയം തട്ടും ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടെ സമീപകാലത്താണ് ട്രാക്കിംഗും ആരംഭിച്ചത്.