Connect with us

Kerala

മത്സരിക്കാനില്ലെന്ന് ബെന്നി ബെഹനാന്‍: പകരം പിടി തോമസ്‌

Published

|

Last Updated

കൊച്ചി:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖാപിക്കാനിരിക്കെ ബെന്നി ബഹന്നാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് താല്‍പര്യമില്ലാത്തതിനാല്‍ തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിറ്റിങ് എംഎല്‍എ ബെന്നി ബെഹനാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബെന്നി ബെഹ് നാന് പകരം പിടി തോമസ് തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവും.

തന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടത്തെ എംഎല്‍എയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ബൂത്ത് തലത്തില്‍ പോലും എന്നെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സ്വയം പിന്മാറുന്നത് ബെന്നി പറഞ്ഞു.

തൃക്കാക്കരയില്‍ മത്സരിക്കുന്നതിന് സുധീരന്റെ മനസില്‍ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ തര്‍ക്കവും ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിന്റെ ആധികാരികത ഉറപ്പിക്കാന്‍ സമയം വേണ്ടി വന്നതിനാലാണ് തീരുമാനം വൈകിയത്. പ്രസിഡന്റിന്റെ സമ്മതമില്ലാതെ മത്സരിക്കുന്നത് ശരിയല്ല. മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചാല്‍ ആ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ എംഎല്‍എയാവുന്നത് മാത്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരന്‍ പിടി തോമസിന്റെ പേര് നിര്‍ദേശിച്ചതോടെയാണ് തൃക്കാക്കര മണ്ഡലത്തില്‍ തര്‍ക്കം ഉടലെടുത്തത്. ബെന്നി ബെഹനാനടക്കം ആരോപണ വിധേയരായവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനോട് നേരത്തെ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍, ഇവരെ മാറ്റിയാല്‍ താനും മാറി നില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കിയിരുന്നു.

 

Latest