പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പട്ടികയില്‍

Posted on: April 4, 2016 9:49 am | Last updated: April 6, 2016 at 8:58 am
SHARE

aiswarya bachanന്യൂഡല്‍ഹി: പനാമയിലെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക ചോര്‍ന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാര്‍ പട്ടികയിലുണ്ട്. ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്‍പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പട്ടികയില്‍ പെടുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത്. ലോകത്തെ പല കമ്പനി ഉടമകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇവിടെ നേരിട്ടോ ബിനാമി പേരിലോ കള്ളപ്പണ നിക്ഷേപമുണ്ട.് നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ജര്‍മന്‍ പത്രമായ സിഡോയിച്ചെ സെയ്തൂംഗ് ഒരു അജ്ഞാത സ്രോതസ്സില്‍ നിന്നാണ് കമ്പനിയുടെ നികുതി രേഖകള്‍ ലഭിച്ചതെന്ന് പറയുന്നു. ഇത് പിന്നീട് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു. രോഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്റെ അടുത്ത അനുയായികള്‍ക്ക് നേരെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചി്ട്ടില്ല.

കമ്പനിയുടെ രേഖകള്‍ പ്രകാരം ബോളിവുഡ് താരം അമിതാഭ് ബച്ചന് ബഹാമസിലും മരുമകളും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് വ്യക്തമാകുന്നത്. 2005ല്‍ രൂപവത്കരിച്ച അമിത് പാര്‍ട്‌ണേഴ്‌സ് കമ്പനി ഐശ്വര്യ റായിയുടെ പേരിലാണ്. കമ്പനിയുടെ ഡയറക്ടര്‍ ഐശ്വര്യ റായി ആണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കമ്പനി പീന്നീട് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഓഹരിയുടമയാണ്. ഐശ്വര്യ റായ്, പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ 2005ല്‍ അമിക് പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്നു. 2008ല്‍ കമ്പനി ലയിപ്പിച്ചപ്പോള്‍ ഓഹരിയുടമകളായി.

ബഹാമസിലെ ബി വി ഐലെ നാല് ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറാണ് അമിതാഭ് ബച്ചന്‍. കമ്പനികള്‍ സ്ഥാപിച്ചത് 1993ലാണ്. 5000- 50,000 യു എസ് ഡോളര്‍ ആണ് ഈ കമ്പനികളുടെ മൂലധനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ദശലക്ഷക്കണക്കിന് ഡോളറുകളുടെ വ്യാപാരമാണ് കമ്പനി നടത്തുന്നത്. ഡി എല്‍ എഫ് പ്രൊമോട്ടറായ കെ പി സിംഗ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡുകളില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി 2010ല്‍ സിംഗും ഭാര്യ ഇന്ദിരയെ സഹ ഓഹരി ഉടമയാക്കി വാങ്ങിയിരുന്നു. 2012ല്‍ മകന്‍ രാജീവ് സിംഗും മകള്‍ പിയ സിംഗും രണ്ട് കമ്പനികള്‍ കൂടി ആരംഭിച്ചെന്ന് രേഖകള്‍ പറയുന്നു.
രാഷ്ട്രീയക്കാരായ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഷിഷിര്‍ ബജോറിയും ലോക്‌സത്ത പാര്‍ട്ടി ഡല്‍ഹി മേധാവിയായിരുന്ന അനുരാഗ് കെജ്‌രിവാളും പട്ടികയിലുണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കുടുംബത്തിനും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് രേഖകള്‍ പറയുന്നു.