Connect with us

Kerala

സരിത ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത്; മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചില മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചതായി സരിത കത്തില്‍ പറയുന്നു. ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തു. കേന്ദ്രമന്ത്രിമാര്‍ക്കു തന്നെ കാഴ്ചവെക്കാന്‍ രമേശ് ചെന്നിത്തലയുടെ പി എ ശ്രമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരിയായി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ കത്തിലുണ്ട്. താന്‍ എഴുതിയ കത്ത് തന്നെയാണിതെന്ന് സരിത എസ് നായര്‍ സ്ഥിരീകരിച്ചു.

2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകളുള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. ഇതിന്റെ യഥാര്‍ഥ പകര്‍പ്പാണ് പുറത്ത് വന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനാണു കത്ത് എഴുതിയത്. അപമാനം ഭയന്നാണ് ഈ കത്ത് താന്‍ സോളാര്‍ കമ്മീഷനു നല്‍കാതിരുന്നത്.
മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധമാണു മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍വച്ചു ദുരുപയോഗം ചെയ്തതെന്ന് സരിത പറയുന്നു. സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോള്‍ അറിയുന്നുണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ പറയുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും പറയുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കത്തില്‍ സരിത പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കു വേണ്ടി സ്ഥലം വാങ്ങാന്‍ കൂട്ടുനിന്നിട്ടുണ്ട്. വല്ലാര്‍പാടം അടക്കമുള്ള സ്ഥലങ്ങളില്‍ ഭൂമി സംബന്ധമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഭൂമി സംബന്ധിച്ച എഴുത്ത് ഇടപാടുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. കോടികളുടെ ഇടപാടുകളാണ് നടന്നതെന്നും സരിത പറയുന്നു. മുഖ്യമന്ത്രിക്ക് കോഴ നല്‍കിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. ഇത് നേരത്തെ സോളാര്‍ കമ്മിഷന് മുന്നിലും സരിത മൊഴി നല്‍കിയിരുന്നു.

ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ച് മുന്‍ കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്ന ഗുരുതരമായ വെളിപ്പെടുത്തലും സരിതയുടെ കത്തിലുണ്ട്. സോളാര്‍ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കാമെന്നു പറഞ്ഞാണ് മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തന്നോടൊപ്പം തന്റെ ജി എം അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഗേറ്റില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടതനുസരിച്ചു ചെന്നു. അവിടെ മന്ത്രിയല്ല, മറിച്ച് ഒരു കേന്ദ്രമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നും സരിത കത്തില്‍ പറയുന്നു.

പിന്നീടു ഈ കേന്ദ്രമന്ത്രി പലപ്പോഴായി ഡല്‍ഹിയിലേക്കും വിളിപ്പിച്ചതായി കത്തില്‍ പറയുന്നു. ബിജു രാധാകൃഷ്ണനെതിരെയും ശാലു മേനോനെ കുറിച്ചും സരിത കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്കെതിരെ മാത്രമാണ് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുന്നത്. തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. തനിക്കും അമ്മയും കുഞ്ഞുങ്ങളുമുണ്ട്. ഇതൊന്നും ആരും ഓര്‍ക്കുന്നില്ല. നഷ്ടങ്ങളെന്നും തനിക്ക് മാത്രമായിരുന്നു. സോളാറിലെ പണം മുഴുവന്‍ കൊണ്ടുപോയവരെ ആരും അന്വേഷിച്ചില്ലെന്നും കത്തില്‍ പറയുന്നു.

Latest