കേന്ദ്ര സഹായം വൈകും; ആദിവാസി മേഖലയിലെ സാക്ഷരതാ പദ്ധതികള്‍ നിലച്ചു

Posted on: April 4, 2016 4:02 am | Last updated: April 4, 2016 at 12:03 am
SHARE

കണ്ണൂര്‍: സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ കാല്‍നൂറ്റാണ്ട് ഏപ്രിലില്‍ ആഘോഷമായി കൊണ്ടാടാന്‍ സംസ്ഥാനമൊരുങ്ങുമ്പോള്‍ ആദിവാസി മേഖലയിലെ സാക്ഷരതാ പദ്ധതികള്‍ അനിശ്ചിതത്വത്തിലായി. പാലക്കാട് അട്ടപ്പാടിയിലും കണ്ണൂര്‍ ആറളത്തുമൊഴികെ സംസ്ഥാനത്ത് മറ്റൊരിടത്തും ആദിവാസി സാക്ഷരതാ പദ്ധതികള്‍ കാര്യക്ഷമമായി നടന്നില്ല.
സംസ്ഥാനത്തെ നിരക്ഷരരിലേറെയും പട്ടികജാതി- പട്ടികവര്‍ഗ മേഖലയിലുള്ളവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം മുമ്പ് നടപ്പാക്കാന്‍ തീരുമാനിച്ച ആദിവാസി സാക്ഷരതാ പദ്ധതിയാണ് കേന്ദ്ര സഹായമില്ലാത്തതിനാല്‍ ഇപ്പോഴും നടപ്പാകാത്തത്.കേരളത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും തീരപ്രദേശത്തും ആദിവാസി- ദളിത് മേഖലകളിലുമുള്ള നിരക്ഷരരുടെ എണ്ണം ഏറെയാണെന്ന് സര്‍ക്കാറിന്റെ പഠനവിഭാഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവുമൊടുവില്‍ നടന്ന സര്‍ക്കാര്‍ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 100912 കുടുംബങ്ങളിലായി 401401 പട്ടികവര്‍ഗ ജനസംഖ്യയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ സാക്ഷരതാ നിലവാരം 70 ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. നിലവില്‍ വിവിധ ജില്ലകളിലായി 98536 പട്ടികവര്‍ഗക്കാര്‍ നിരക്ഷരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ‘ചോലനായിക്കന്‍’ സമുദായത്തിന്റെ സാക്ഷരത കേവലം 47.44 ശതമാനമാണ്. ആദിവാസി വിഭാഗത്തില്‍ സാക്ഷരരായിട്ടുള്ളവരില്‍ പകുതിയോളം പേരുടെ വിദ്യാഭ്യാസ നിലവാരം പകുതിയില്‍ താഴെയാണെന്നതും മേഖലയിലെ നിരക്ഷരതയുടെ ആഴം വര്‍ധിപ്പിക്കുന്നു. പട്ടികജാതിക്കാരുടെ സാക്ഷരതയും 80 ശതമാനത്തില്‍ താഴെയാണെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതുകൂടാതെ തീരദേശ മേഖലകളിലും ചേരിപ്രദേശങ്ങളിലും താമസിക്കുന്ന നിരക്ഷരരുടെ എണ്ണവും വലിയ തോതിലാണുയര്‍ന്നിട്ടുള്ളത്. ഇതെല്ലാം കണക്കിലെടുത്താല്‍ നിരക്ഷരരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്. നിരക്ഷരത മൂലമാണ് പലപ്പോഴും ആദിവാസികള്‍ ചൂഷണത്തിനിരയാകുന്നതെന്നാണ് ആദിവാസി- ദളിത് സംഘടനകള്‍ പറയുന്നത്. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുമ്പോഴും ഇതൊന്നും ഇവരുടെ കൈയിലെത്താത്തതിന് പ്രധാന കാരണമാകുന്നത് വര്‍ധിച്ചുവരുന്ന നിരക്ഷരതയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ ദേശീയ സാക്ഷരതാ മിഷന് ആദിവാസി സാക്ഷരതാ പദ്ധതിയെന്ന രണ്ടാം സാക്ഷരതാ യജ്ഞത്തിനുള്ള പദ്ധതി സമര്‍പ്പിച്ചത്.
എന്നാല്‍, വനിതാ സാക്ഷരത 50 ശതമാനത്തില്‍ താഴെയുള്ള രാജ്യത്തെ 462 ജില്ലകളില്‍ നടത്തുന്ന സാക്ഷര്‍ ഭാരത് പദ്ധതി നടക്കുന്നതിനാല്‍ നേരത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന് പുതിയ പദ്ധതി അനുവദിക്കേണ്ടെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുകയായിരുന്നു. 2012ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സാക്ഷര്‍ഭാരത് പദ്ധതി 2017ല്‍ മാത്രമേ പൂര്‍ത്തിയാകൂവെന്നതിനാല്‍ ഇനി അടുത്ത വര്‍ഷമേ കേന്ദ്ര ഫണ്ട് സാക്ഷരതാ പ്രവര്‍ത്തനത്തിന് ലഭിക്കുകയുള്ളൂ.
രണ്ടാം സാക്ഷരതാ യജ്ഞത്തെ കേന്ദ്രം അവഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദിവാസി തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം വഴിമുട്ടിയിരുന്നു. അതേസമയം, കണ്ണൂരിലെ ആറളം ഫാം കേന്ദ്രീകരിച്ച് ‘തുടി’ എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് മാത്രമാണ് പ്രത്യേക പദ്ധതിയാവിഷ്‌കരിച്ച് നടപ്പാക്കിയത്. ഇത്തവണ ആറളത്ത് നിന്ന് 68 ആദിവാസികള്‍ പ്രാഥമിക പരീക്ഷ എഴുതുകയും ചെയ്തു. ഇക്കുറി അട്ടപ്പാടിയില്‍ അഹാഡ്‌സ് പദ്ധതി പ്രകാരം 22 പേരും പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. എന്നാല്‍, മറ്റൊരു ജില്ലയിലും ഇത്തരത്തിലൊരു ആദിവാസി സാക്ഷരതാ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3000ത്തോളം തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റവും താഴെത്തട്ടില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശം ഇപ്പോഴുമുണ്ട്. 2009 മുതല്‍ സംസ്ഥാന സാക്ഷരതാ മിഷന് സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാട്ടുന്നു വെന്ന ആരോപണവും നിലനില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here