ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തി അധികാരമേറ്റു

Posted on: April 4, 2016 11:00 am | Last updated: April 4, 2016 at 7:07 pm

MEHBOOBA MUFTIശ്രീനഗര്‍:ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രിയായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍ വൊഹ്‌റ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഖ്യകക്ഷിയായ ബി.ജെ.പിയുടേതടക്കം 23 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പി എം.എല്‍.എ നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. അതേസമയം, പി.ഡി.പിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ താരീഖ് കറാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. പുതിയ മന്ത്രിസഭയിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുത്തതിലുള്ള അഭിപ്രായ വ്യത്യാസമാണ് ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണം. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങും പങ്കെടുത്തു.
പി ഡി പി- ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോടെ മൂന്ന് മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് വിരാമമായത്. 87 അംഗ നിയമസഭയില്‍ പി ഡി പി- ബി ജെ പി സഖ്യത്തിന് 56 അംഗങങളുടെ പിന്തുണയുണ്ട്. പി ഡി പിയുടെ 27, ബി ജെ പിയുടെ 25, പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ടും അംഗങ്ങള്‍ക്ക് പുറമേ രണ്ട് സ്വതന്ത്രന്മാരുടെയും പിന്തുണ സഖ്യത്തിനുണ്ട്.

മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദ് ജനുവരിയില്‍ മരിച്ചതോടെ ബി ജെ പി- നപി ഡി പി സഖ്യത്തില്‍ വിള്ളലുണ്ടായി. പിന്നീട് ഇരു പാര്‍ട്ടികള്‍ക്കിടയില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് സാധ്യത തെളിഞ്ഞത്.