സുസജ്ജം, സുരക്ഷിതം; വംഗാരവത്തിന് നാന്ദി

Posted on: April 4, 2016 4:45 am | Last updated: April 3, 2016 at 11:47 pm
SHARE

bengal electionകൊല്‍ക്കത്ത :പ്രശ്‌നബാധിത പ്രദേശങ്ങളടങ്ങിയ 18 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് പശ്ചിമ ബംഗാള്‍ ഇന്ന് വേദിയാകുന്നത്. മാവോയിസ്റ്റ് ആക്രമണ ഭീഷണിയെന്ന സങ്കീര്‍ണതക്കിടയിലും മികച്ച വോട്ടിംഗ് ഉണ്ടാക്കുകയെന്ന ദൗത്യ നിര്‍വഹണത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങിയത്. കനത്ത സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ചില മണ്ഡലങ്ങളിലേക്ക് പ്രത്യേക പരിചരണം വേണമെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഹെലികോപ്റ്ററിലൂടെ സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് ശക്തി കേന്ദ്രമായ ജംഗല്‍മഹലില്‍ കോപ്റ്റര്‍ നിരീക്ഷണം നടത്തും. പശ്ചിമ മിഡ്‌നാപൂര്‍, പുരുലിയ, ബന്‍കുറ എന്നി മൂന്ന് ജില്ലകളില്‍ 133 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 18ല്‍ 13 മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. മാവോയിസ്റ്റ് സംഘങ്ങളുടെ ആക്രമണ ഭീഷണിയുള്ള മേഖലകളാണിത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവിടെ വൈകുന്നേരം നാലോടെ തിരഞ്ഞെടുപ്പ് അവസാനിക്കും. മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ ആറോടെയാകും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.
മുഴുവന്‍ പോളിംഗ് ബൂത്തിലും കേന്ദ്ര സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ് നടക്കുന്ന സമയങ്ങളില്‍ കര്‍മനിരധരായ സൂരക്ഷാ ഉദ്യോഗസ്ഥരുമായി രണ്ട് കോപ്റ്ററുകള്‍ ജംഗല്‍മഹലിലിലെ പ്രധാന ഭാഗങ്ങളിലെ വലയം വെക്കും. അടിയന്തര മെഡിക്കല്‍ സൗകര്യം, എയര്‍ ആംബുലന്‍സ് തുടങ്ങിയ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലുമായി 3,112 ജാമ്യമില്ലാ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 14 പൊതു നിരീക്ഷകര്‍, 676 മൈക്രോ സായുധ നിരീക്ഷകര്‍, 202 ഡിജിറ്റല്‍ ക്യാമറകള്‍, 642 വീഡിയോ ക്യാമറകള്‍, 210 സിസി ടി വികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 153 പോളിംഗ് ബൂത്തില്‍ ലൈവ് വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ശക്തിപ്രദേശമായിരുന്ന ജംഗല്‍മഹലിലെ തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണമാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നത്.
ഇങ്ങനെ വന്നാല്‍ തങ്ങളുടെ വരവോടെ സംസ്ഥാനം സമാധാന പൂര്‍ണമായി എന്ന രീതിയില്‍ ഇനിയുള്ള അഞ്ച് ഘട്ടങ്ങളിലെ അങ്കത്തട്ടില്‍ പ്രചാരണ ആയുധമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here