അങ്കത്തട്ടിലേക്ക് ചങ്കുറപ്പോടെ വി എസ്

Posted on: April 4, 2016 4:43 am | Last updated: April 3, 2016 at 11:45 pm
SHARE

VSതിരുവനന്തപുരം :പതിവ് തര്‍ക്കങ്ങള്‍ മാറി സ്ഥാനാര്‍ഥിത്വം നേരത്തെ ഉറപ്പിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തിരുവനന്തപുരത്തും ആലപ്പുഴയിലും വിവിധ പരിപാടികളില്‍ വി എസ് പങ്കെടുത്തു.
ആറ്റിങ്ങലില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. സി പി എം സ്ഥാനാര്‍ഥികളായ നാല് അഭിഭാഷകര്‍ക്ക് കെട്ടിവെക്കാനുള്ള പണം ശേഖരിച്ചത് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ്. ഈ പണം ആറ്റിങ്ങലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി എസ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി.
വര്‍ക്കലയിലെ അഡ്വ. വി ജോയി, കാട്ടാക്കടയിലെ അഡ്വ. ഐ ബി സതീശ്, ആറ്റിങ്ങലിലെ അഡ്വ. ബി സത്യന്‍, വാമനപുരത്തെ അഡ്വ. ഡി കെ മുരളി എന്നിവര്‍ക്കായിരുന്നു സ്വീകരണം. ചടങ്ങിന് ശേഷം പുറത്തേക്കിറങ്ങിയ വി എസ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ അടുത്ത േ്രകന്ദ്രത്തിലേക്ക് നീങ്ങി. സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചശേഷം മലമ്പുഴയിലെത്തിയ വി എസ് പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നില്ല. ഏപ്രില്‍ 10 വരെയുള്ള ആദ്യഘട്ടപരിപാടിയാണ് തീരുമാനിച്ചിരിക്കുന്നത്.
യു ഡി എഫില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ അഴിമതിയും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തമ്മിലടിയും അടക്കം വിഷയമാക്കിയാകും വി എസ് രംഗത്തിറങ്ങുക. കൂടാതെ മുഖ്യമന്ത്രിക്കെതിരേയും കേന്ദ്രമന്ത്രിക്കെതിരേയും ലൈംഗികാരോപണമടങ്ങിയ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സരിതയുടെ വിവാദ കത്തും ചര്‍ച്ചാവിഷയമാകും. ഇന്നലെ തിരുവനന്തപുരത്തും ആലപ്പുഴയിലും അരൂരുമായിരുന്നു പ്രചാരണ പരിപാടികള്‍. ആലപ്പുഴയില്‍ ഡോ.ടി എം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും വി എസ് ഉദ്ഘാടനം ചെയ്തു.
അതേസമയം, മുതിര്‍ന്ന നേതാവായ ജി സുധാകരന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് വി എസ് പിന്മാറി.
ഈ മാസം ഏഴിന് കോടിയേരി ബാലകൃഷ്ണനാണ് അമ്പലപ്പുഴയില്‍ സുധാകരന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വ്യക്തമാക്കുന്നതാണ് വി എസിന്റെ നിലപാട്.
വൈകുന്നേരം അഞ്ചിന് അരൂരില്‍ എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെയും ഉദ്ഘാടകന്‍ വി എസായിരുന്നു. ഇന്ന് തൃശൂരില്‍ കലാഭവന്‍മണിയുടെ വീട് സന്ദര്‍ശിക്കും. നാളെ രാവിലെ മലമ്പുഴയില്‍ സ്വന്തം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് പാലക്കാട് മണ്ഡലത്തില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ കണ്‍വന്‍ഷനിലും പങ്കെടുക്കും. തിരികെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ആറിന് കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപളളി സുരേന്ദ്രന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് കുട്ടനാട് മണ്ഡലത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിന് ശേഷം എട്ടുമുതല്‍ 10വരെ മലമ്പുഴയില്‍ പ്രചാരണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here