മണിക്കൂറുകളുടെ ആയുസ്സില്‍ ഒരു സ്ഥാനാര്‍ഥി

Posted on: April 4, 2016 5:39 am | Last updated: April 4, 2016 at 9:19 am
SHARE

kotarakkaraകൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങിയില്ല. പ്രചാരണം തുടങ്ങിയതിന് തൊട്ടുപിന്നാലെ കൊട്ടാരക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ രശ്മിക്ക് സീറ്റ് നഷ്ടമായി. കഴിഞ്ഞ ദിവസം ഉച്ചയോടെ പുറത്തു വന്ന കോണ്‍ഗ്രസ് പട്ടികയില്‍ കൊട്ടാരക്കരയില്‍ രശ്മിയുടെ പേരായിരുന്നുവെങ്കില്‍ രാത്രിയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സവിന്‍ സത്യന്‍ സ്ഥാനാര്‍ഥിയായി ഇടംപിടിച്ചു.
ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത കൊട്ടാരക്കര സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഏറെ അഭ്യൂഹങ്ങളാണ് ഉണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസ്- ബി വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന ബ്രിജേഷ് ഏബ്രഹാം, ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍, കൊല്ലം ഡി സി സി യുടെ മുന്‍ പ്രസിഡന്റ് വി സത്യശീലന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സവിന്‍ സത്യന്‍, കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ള അംഗം ആര്‍ രശ്മി എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ചത്. ശനിയാഴ്ച ഉച്ചയോടെ പുറത്തു വന്ന ലിസ്റ്റില്‍ ആര്‍ രശ്മി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി.
സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ രശ്മി മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങി. വൈകുന്നേരത്തോടെ സ്ഥിതി ആകെ മാറി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ ലിസ്റ്റനുസരിച്ച് കൊട്ടാരക്കരയിലെ സ്ഥാനാര്‍ഥിയായി സവിന്‍ സത്യന്‍ രംഗത്തു വന്നു. തുടര്‍ന്ന് അഡ്വ. സവിന്‍ സത്യന്‍ പ്രചരണ രംഗത്തേക്കിറങ്ങി. കോണ്‍ഗ്രസിന് ആദ്യമായി ലഭിച്ച സീറ്റായതിനാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ ആഴ്ചകളായി തര്‍ക്കവും പിടിവാശിയുമായി കൊമ്പുകോര്‍ക്കുകയാണ് പാര്‍ട്ടിയിലെ നേതാക്കള്‍. കേരളാ കോണ്‍ഗ്രസ് – ബി മുന്നണി വിട്ടപ്പോള്‍ മുതല്‍ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി താത്പര്യം അറിയിച്ചിരുന്നതാണ്.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം കൊല്ലം ഡി സി സി പ്രസിഡന്റിന്റെ ചുമതല കൊടിക്കുന്നിലിന് ലഭിച്ചതോടെ അദ്ദേഹം ആഗ്രഹത്തില്‍ നിന്നും പിന്മാറി. പകരം കലയപുരം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മിയെ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശാരീരിക അസ്വസ്ഥത മൂലം സ്ഥാനമൊഴിഞ്ഞ വി സത്യശീലന്‍ തന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സവിന്‍ സത്യനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ട് വിഭാഗങ്ങളുടെ അഭിമാന പ്രശ്‌നമായി വിഷയം മാറി. പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടേ പ്രചരണ രംഗത്തേക്കിറങ്ങുന്നുള്ളുവെന്ന് സവിന്‍ പറഞ്ഞെങ്കിലും ഇന്നലെ മണ്ഡലത്തിലെ പ്രമുഖരെ കാണാന്‍ പോയിരുന്നു.
കശുവണ്ടി മേഖലയായ മണ്ഡലത്തില്‍ വി സത്യശീലന് തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനവും സവിന്‍ സത്യന് ഗുണമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്.
എഴുകോണ്‍ ഗ്രാമപഞ്ചായത്തംഗമായിരിക്കെ മികച്ച പ്രവര്‍ത്തനം നടത്തി ഭരണ നൈപുണ്യം കാട്ടിയിട്ടുള്ള യുവ അഭിഭാഷകന്‍ കൂടിയാണ് സവിന്‍. പ്രചരണ രംഗത്ത് ഇദ്ദേഹം ഇറങ്ങിയെങ്കിലും കൊടിക്കുന്നില്‍ ഇപ്പോഴും നിലപാട് കടുപ്പിച്ച് നിലകൊള്ളുന്നതിനാല്‍ അന്തിമ തീരുമാനമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here