Connect with us

Articles

പുഴ മരണങ്ങളെക്കുറിച്ച്

Published

|

Last Updated

ഓരോ വേനലിലും ശരീരവും മനസ്സും ചുട്ടു പൊള്ളുമ്പോള്‍ പഴയ പുഴപ്പാട്ടുകള്‍ അറിയാതെ മനസ്സില്‍ കുളിരായി പെയ്തിറങ്ങും. വേനലിന്റെ രൂക്ഷത ഓരോ വര്‍ഷവും വല്ലാതെ കൂടുമ്പോള്‍ വെള്ളത്തെക്കുറിച്ചും പുഴയെക്കുറിച്ചും എത്ര പറഞ്ഞാലും മതിവരില്ല. മലയാളി അങ്ങനെയാണ്. കണ്‍മുന്നില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകയും പരിതപിക്കുകയും ചെയ്യുക. നമുക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നൊഴുകിയ പുഴകള്‍ മെലിഞ്ഞ് ഇല്ലാതായപ്പോള്‍ മാത്രമാണ് അവയുടെ മഹത്വത്തെക്കുറിച്ചും ഗുണത്തെക്കുറിച്ചും അറിയാന്‍ നമുക്കായത്. മുപ്പത്തൊന്‍പതും നാല്‍പ്പതും ഡിഗ്രി സെല്‍ഷ്യസിന് മേല്‍ ഓരോ ദിവസവും ചൂടു കൂടുമ്പോള്‍ മെലിഞ്ഞുണങ്ങിയ പുഴകളെക്കുറിച്ചോര്‍ത്ത് നമ്മള്‍ വല്ലാതെ ദുഃഖിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പുഴമരണങ്ങള്‍ എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് ആകുലപ്പെടുന്നതിനൊപ്പം ഇതേക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനും വൈകിയെങ്കിലും നാം തുടങ്ങിയിട്ടുണ്ടെന്നത് ആശ്വസിക്കാന്‍ വക നല്‍കില്ലെങ്കിലും സ്വയം വിമര്‍ശനത്തിന് ഉപകരിക്കുകയെങ്കിലും ചെയ്യുമെന്ന് കണക്കാക്കാം.
കരപ്രദേശത്ത് ഉയര്‍ന്ന ഇടങ്ങളില്‍ നിന്ന് താഴേക്ക് സമുദ്രത്തിലേക്കോ തടാകത്തിലേക്കോ നിലയ്ക്കാതെ പ്രവഹിക്കുന്ന നീരൊഴുക്കിനെയാണ് നദിയെന്ന് വിളിക്കുകയെന്ന് സര്‍വവിജ്ഞാന കോശം പറയുന്നു. ലോകത്തൊരിടത്തും ഒരേ പോലുള്ള രണ്ട് നദികള്‍ ഉണ്ടാകില്ല. ജലത്തിന്റെ അളവിലും സ്വഭാവത്തിലും രൂപത്തിലുമൊക്കെ ഒരു നദിയും മറ്റൊന്നു പോലെയിരിക്കില്ല. ഒരു നദി തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്വയം മാറിക്കൊണ്ടേയിരിക്കും. നദികളും ജീവവസ്തുക്കളെപ്പോലെ ജനിക്കുകയും വളരുകയും യുവത്വവും വാര്‍ധക്യവുമൊക്കെ പിന്നിട്ട് വയസ്സായി മരിക്കുകയും ചെയ്യും. ഇത് വളരെ നീണ്ട കാലത്തിലൂടെ ആണെന്നു മാത്രം. ഒരു നദി അതുത്ഭവിക്കുന്ന ഉയര്‍ന്ന പ്രദേശത്തു നിന്നും മണ്ണൊഴുക്കി മാറ്റുന്നതു കാരണം അതിന്റെ തടത്തിന്റെ ചരിവ് കുറയുന്നു. ക്രമേണ നീരൊഴുക്കിന്റെ ഊര്‍ജം കുറയുകയും മണ്ണടിഞ്ഞ് ആഴം കുറഞ്ഞൊരു ചാലിലൂടെ മെല്ലെ ഒഴുകുന്ന ഒന്നായി മാറുകയും ചെയ്യും. ഇതാണ് ഒഴുക്കിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ട് വാര്‍ധക്യത്തിന്റെ ശാന്തതയോട് അടുക്കുന്ന നദിയുടെ വളര്‍ച്ച. ഓരോയിടത്തേയും ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, നൈസര്‍ഗിക ആവാസവ്യവസ്ഥകള്‍ എന്നിവയാണ് ഓരോ നദിയുടേയും രൂപത്തേയും സ്വഭാവത്തേയും തീരുമാനിക്കുക. എന്നാല്‍ മനുഷ്യ പ്രവൃത്തികള്‍ കഴിഞ്ഞ 5000 വര്‍ഷങ്ങളോളമായി നദികളെ പ്രതികൂലമായി മാത്രമാണ് ബാധിക്കുന്നത്.
കേരളത്തില്‍ 44നദികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാന സര്‍ക്കാറിന്റെ പൊതുമരാമത്തു വകുപ്പ് 1974ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോ മീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്. ഇവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യകലവറയുമായ പശ്ചിമഘട്ടം തന്നെയാണ് കേരളത്തിലെ 44 നദികളുടെയും ജീവന്‍. കേരള അതിര്‍ത്തിയില്‍ മാത്രം 44 നദികള്‍ ഈ ജലകൊടുമുടിയില്‍ നിന്ന് ഉത്ഭവിക്കുന്നു. ഇന്ത്യയിലെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തില്‍, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആര്‍ദ്രത, വര്‍ഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പശ്ചിമഘട്ടമാണ്.
ഈ മലനിരകള്‍ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്ണമേഖലാ വനങ്ങള്‍, ചോലമഴക്കാടുകള്‍ എന്നിങ്ങനെ) വിവിധ സസ്യജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഈ മലനിരകള്‍ അതിര്‍ത്തിയായി വരുന്ന ആറ് സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ് പശ്ചിമഘട്ടം. കേരളത്തിലാണെങ്കില്‍ 28,000 ത്തിലധികം ച കി മീ ഭൂമിയെയും മൂന്ന് കോടിയോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട് സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ടം.
നദികളുടെ മരണത്തിന്റെ പ്രധാന കാരണം വനനശീകരണമാണ്. നദികളുടെ പ്രഭവ സ്ഥാനത്തെ ഉറവകള്‍ നശിക്കാന്‍ കാരണം മലനിരകളിലെ വ്യാപകമായ വനനശീകരണമാണ്. തെക്കു പടിഞ്ഞാറ് നിന്ന് അറബിക്കടലിന് മുകളിലൂടെയുള്ള ഇടവപ്പാതിക്കാറ്റിനൊപ്പം വരുന്ന മേഘങ്ങള്‍ കടല്‍ത്തീരത്ത് നിന്ന് വായുവിലൂടെ കഷ്ടിച്ച് 20-30 കി മീ കിഴക്കോട്ട് സഞ്ചരിച്ചാല്‍ അവ കാറ്റിന്റെ ഗതിക്കു വിഘാതം സൃഷ്ടിക്കുന്ന പശ്ചിമഘട്ട മലനിരയിലെത്തും. സമുദ്രനിരപ്പില്‍ നിന്ന് ഈ മലകള്‍ക്ക് ശരാശരി 1500 മീറ്ററെങ്കിലും ഉയരമുണ്ട്. അടുത്തകാലം വരെ ഈ മലകളെ മൂടി മിക്കയിടങ്ങളിലും നിത്യഹരിതവനങ്ങളായിരുന്നു. അന്തരീക്ഷത്തെ തണുപ്പിച്ച് അവ സമൃദ്ധമായി മഴപെയ്യിച്ചിരുന്നു. മലകളില്‍ നിന്ന് വാര്‍ന്നു പോകുന്ന ഈ വെള്ളമാണ് കേരളത്തില്‍ നാല്‍പ്പതില്‍ കൂടുതല്‍ വ്യത്യസ്ത നദീതടങ്ങള്‍ക്ക് രൂപം കൊടുത്തത്. വേനലിലും വെള്ളം സംഭരിച്ച് സജീവമായി നിലനിര്‍ത്തിയിരുന്ന ഈ മലമുകളിലെ മരങ്ങളെയാണ് നാം നിര്‍ദാക്ഷീണ്യം വെട്ടിയരിഞ്ഞത്. ഏക വിളത്തോട്ടങ്ങളായും പുല്‍മേടുകളായും ആദ്യമാദ്യം മാറിയ മലകള്‍ പിന്നീട് മൊട്ടക്കുന്നുകളായും ക്രമേണ സമതല പ്രദേശങ്ങളായും മാറിയതതിന് നമ്മള്‍ തന്നെ സാക്ഷിയാണ്. നിത്യഹരിത വനങ്ങള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍, ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, പുല്‍മേടുകള്‍ ചോലവനങ്ങള്‍, കണ്ടല്‍ കാടുകള്‍ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട കാടുകള്‍.
ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കുവാന്‍ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം വനഭൂമിയായി സംരക്ഷിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കാടിന്റെ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള കാടുകളുടെ വിസ്തൃതി ആറ് ശതമാനം മാത്രമാണ്. ഒരു ഹെക്ടര്‍ഹരിതവനം രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം വേരുകളില്‍ സൂക്ഷിച്ചു വെക്കുന്നുവെന്നാണ് കണക്ക്. കാടില്ലാതാകുമ്പോള്‍ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആര്‍ദ്രത വളരെ വേഗം കുറയുകയാണ് ചെയ്യുന്നത്. ഉണങ്ങിയ വായു മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളില്‍ നിന്ന് വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നതിന് വേഗം കൂടുന്നു. പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുമ്പ് ആറായിരം മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ് കുറഞ്ഞ് ഈ പ്രദേശങ്ങള്‍ മരുവത്കരിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമമായി വളര്‍ത്തിയ കാടുകള്‍ക്കും പാരിസ്ഥിതിക പ്രാധാന്യമുണ്ടെങ്കിലും സ്വഭാവിക വനങ്ങള്‍ക്ക് അവ ഒരിക്കലും തുല്യമാകില്ല. അതുകൊണ്ട് തന്നെ കാടുകള്‍ നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്. കാടും മലകളും തന്നെയാണ് നദികളുടെ ജനനകേന്ദ്രം എന്നുറപ്പിക്കാന്‍ ഇപ്പോഴത്തെ നദികളുടെ ആവാസകേന്ദ്രങ്ങള്‍ ഒരിക്കലെങ്കിലും കണ്ടാല്‍ മതിയാകും. മണല്‍വാരല്‍ മാത്രമാണ് നദീനാശത്തിനിടയാക്കുന്നുവെന്ന് പറയുമ്പോള്‍ കാട് നശിക്കുന്നതില്‍ ആരും അത്ര ഉത്കണ്ഠ കാട്ടുന്നില്ലല്ലോയെന്ന പരാതി ഇപ്പോഴും ഉയരുന്നുണ്ട്.
കേരളത്തിലെ 44 നദികളും മരിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്ററി സമിതിയടക്കം മുന്നോട്ട് വച്ചു. നദികളെ സംരക്ഷിക്കാന്‍ സുസ്ഥിരപദ്ധതി നടപ്പാക്കണമെന്ന് അശ്വനി കുമാര്‍ അധ്യക്ഷനായ സമിതി രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന 44 നദികളുടെയും സ്വാഭാവികമായ ഒഴുക്ക് നഷ്ടമായിക്കഴിഞ്ഞു. നദീതടങ്ങളിലെ കൈയേറ്റം ഇതിനൊക്കെ കാരണങ്ങളായി. അണക്കെട്ടുകള്‍ നിര്‍മിച്ച് സ്വാഭാവികമായ ഒഴുക്കു തടയല്‍, കുന്നുകള്‍ ഇടിച്ചു നിരത്തല്‍, വനനശീകരണം എന്നിവയൊക്കെ നദികളെ ബാധിച്ചുവെന്നും സര്‍ക്കാര്‍ നദീസംരക്ഷണത്തിനുള്ള സമഗ്രപദ്ധതി നടപ്പാക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. എന്നിട്ടും എന്തൊക്കെ ഇക്കാര്യത്തില്‍ നടന്നുവെന്ന് അന്വേഷിച്ചു നോക്കിയാല്‍ നമ്മുടെ കെടുകാര്യസ്ഥത ഒറ്റ നോട്ടത്തില്‍ വ്യക്തമാകും .മലയാളികള്‍ കേരളത്തിലെ നദികളെ സ്‌േനഹിക്കുന്നുണ്ടോ? നദികളെ ശരിയായി മനസ്സിലാക്കണമെങ്കില്‍ കാടിന്റെ ഉള്ളില്‍ക്കൂടി ഒഴുകുന്ന ഒരു നദിയെങ്കിലും പോയി കാണണം.
കേരളത്തില്‍ അപൂര്‍വമായേ അത്തരം നദികളുള്ളൂ. അതിലൊന്നാണ് സൈലന്റുവാലിയിലൂടെ ഒഴുകുന്നത്. സമുദ്രനിരപ്പില്‍നിന്ന് ആയിരക്കണക്കിനു് അടി ഉയരത്തിലൂടെയാണ് അവിടെ പുഴ ഒഴുകുന്നത്. മണല്‍ മാത്രമാണ് പുഴവെള്ളത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത് എന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് ഒരു തരിപോലും മണലില്ലാത്ത കയങ്ങളില്‍ വെള്ളം തങ്ങിനില്‍ക്കുന്നത് ഇവിടെ കാണാനാകും. കാര്‍ഷികമേഖലയായ താഴ്‌വാരത്തെത്തുമ്പോള്‍ മണ്ണും മണലും അടിഞ്ഞ് അതേ നദിക്കു സംഭവിക്കുന്ന മാറ്റം ശ്രദ്ധിച്ചാല്‍ നദികള്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാനാകും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി