ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനുള്ള പിന്‍വാതില്‍ നീക്കങ്ങള്‍

Posted on: April 4, 2016 5:02 am | Last updated: April 3, 2016 at 11:05 pm
SHARE

bjpഹൈദരാബാദ് സര്‍വകലാശാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് എഫ് ഐ ആറില്‍ എഴുതിച്ചേര്‍ത്ത് കളളക്കേസെടുക്കുകയുണ്ടായല്ലോ. പേരാമ്പ്രയില്‍ എരുമകളെ കടത്തിയ വാഹനം തടഞ്ഞ് ഡ്രൈവറെയും ജോലിക്കാരനെയും ആക്രമിച്ച ആര്‍ എസ് എസുകാരെ ജനങ്ങളുടെ ഇടപെടലിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ അറസ്റ്റ് ചെയ്തവരെ ആര്‍ എസ് എസ് സംഘം പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ കുറ്റകരമായ നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണ് ചെയ്തത്. എന്തിന്, പ്രവീണ്‍ തൊഗാഡിയക്കെതിരെ കോഴിക്കോട്ടെ പോലീസ് ചാര്‍ജ് ചെയ്ത കേസുപോലും സര്‍ക്കാര്‍ പിന്‍വലിച്ചുകൊടുക്കുകയായിരുന്നല്ലോ. കതിരൂര്‍ മനോജ് വധക്കേസില്‍ രാജ്‌നാഥ് സിംഗിന്റെ കല്‍പ്പനയും കേരളത്തിലെ ആര്‍ എസ് എസുകാരുടെ സമ്മര്‍ദത്തിനും വഴങ്ങിയായിരുന്നല്ലോ യു എ പി എ ചുമത്തിയത്. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് കാര്യത്തില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രിയെ പരസ്യമായി അപമാനിച്ചിട്ടും ആര്‍ എസ് എസ് അലോഗ്യം ഭയന്ന് ഉമ്മന്‍ ചാണ്ടി നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്. ഇതെല്ലാം കോണ്‍ഗ്രസ് ആര്‍ എസ് എസ് രഹസ്യബാന്ധവത്തിന്റെ സൂചനകളല്ലാതെ മറ്റെന്താണ്.
പടലപ്പിണക്കങ്ങളും സീറ്റ് തര്‍ക്കങ്ങളും മൂലം ജീര്‍ണമായ കോണ്‍ഗ്രസിന് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല. വിലക്കയറ്റവും കാര്‍ഷിക വ്യാവസായിക തകര്‍ച്ചയും റേഷന്‍ വെട്ടിക്കുറച്ചതും ഉള്‍പ്പെടെയുള്ള ജനജീവിതത്തെ വഴിമുട്ടിച്ച നയങ്ങള്‍ക്കെതിരായ പ്രതിഷേധം നാട്ടിലെങ്ങും അലയടിക്കുകയാണ്. എല്ലാ അഭിപ്രായ സര്‍വേകളും ഇടതുപക്ഷം വലിയ മുന്നേറ്റം തന്നെ നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുമെന്ന വോട്ടര്‍മാരുടെ നിലപാടുകളാണ് അഭിപ്രായ സര്‍വേകളില്‍ പ്രതിഫലിക്കുന്നത്. അപ്പോഴും ആശങ്ക ഉയര്‍ത്തുന്നത് അഭിപ്രായ സര്‍വ്വേകള്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്നുകൂടി പ്രവചിക്കുന്നതാണ്! ദേശീയതലത്തില്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി പിറകോട്ട് പോകുകയാണുണ്ടായത്. അസഹിഷ്ണുതയും അക്രമോത്സുകതയും പൗരജീവിതത്തെയാകെ വേട്ടയാടുമ്പോള്‍ പ്രബുദ്ധമായ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ഒരു ജനാധിപത്യവാദിക്കും വിശ്വസിക്കാനാവില്ല. രാജ്യത്താകമാനം ആര്‍ എസ് എസും അത് രൂപം കൊടുത്ത പലവിധ പരിവാര്‍ സംഘടനകളും തങ്ങള്‍ക്കനഭിമതരായ എല്ലാവരെയും ഉന്‍മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയം പ്രയോഗിക്കുമ്പോള്‍ കേരളത്തില്‍ ബി ജെ പിക്ക് എങ്ങനെയാണ് അക്കൗണ്ട് തുറക്കാനാകുക?
അതിനുള്ള സാധ്യത ആര്‍ എസ് എസും കോണ്‍ഗ്രസും അത് നേതൃത്വം കൊടുക്കുന്ന മുന്നണിയും തമ്മിലുണ്ടാക്കുന്ന ധാരണകളും പിന്‍വഴി ബന്ധങ്ങളും മാത്രമാണ്. യു ഡി എഫിലെ ഘടകകക്ഷികളെല്ലാം പരാജയഭീതി പൂണ്ട് ആര്‍ എസ് എസുമായി ബാന്ധവത്തിനൊരുങ്ങുകയാണെന്നാണ് പലയിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് പഴയരീതിയിലുള്ള കോ-ലീ-ബി സഖ്യമെന്ന നിലയില്‍ ലഘൂകരിച്ച് കാണാവുന്നതല്ല. വോട്ടുകച്ചവടം എന്നതരത്തില്‍ പരിമിതപ്പെടുത്തി ലളിതമായി വിലയിരുത്താനുമാകില്ല. ദേശീയാധികാരം ഉപയോഗിച്ച് സംഘപരിവാര്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്ന സന്ദര്‍ഭം ഉന്നയിക്കുന്ന അപകടകരമായ മാനങ്ങള്‍ കോണ്‍ഗ്രസ്-ആര്‍ എസ് എസ് ബാന്ധവത്തിലന്തര്‍ലീനമായി കിടക്കുന്നുണ്ട്. അത് വിശദമായ വിശകലനം ആവശ്യപ്പെടുന്നതുമാണ്. ഇവിടെ അതിന് മുതിരുന്നില്ല. പഴയ കോ- ലീ -ബിയില്‍ നിന്ന് വ്യത്യസ്തമായി അങ്ങേയറ്റം പ്രതിലോമപരമായ യു ഡിഎഫ്- ആര്‍ എസ് എസ് സഖ്യമാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ഇതിന്റെ പ്രത്യക്ഷമായ സൂചനകളാണ് പഴയ കോലീബി സഖ്യത്തിന്റെ നായകന്‍മാരായിരുന്ന പി പി മുകുന്ദനെ പോലുള്ളവരെ ബി ജെ പിയിലേക്ക് തിരിച്ചെടുക്കാന്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ഭഗവത് തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം അവിശുദ്ധസഖ്യത്തിലൂടെയൊന്നും കേരളത്തില്‍ ആര്‍ എസ് എസിന് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന കാര്യം കാര്യവിവരമുള്ളവര്‍ക്കെല്ലാം അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും യു ഡി എഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആര്‍ എസ് എസിന്റെ ബൗദ്ധിക കേന്ദ്രങ്ങള്‍ കരുതുന്നത് (ഇത്തരക്കാരെ നടന്‍ പൃഥ്വീരാജ് ക്ലോസറ്റ് ജീനിയസ്സുകള്‍ എന്നാണ് വിശേഷിപ്പിച്ചത്). കേരളത്തിലെ ആര്‍ എസ് എസിന്റെ ചരിത്രം തന്നെ കമ്യൂണിസ്റ്റ് സ്വാധീനത്തെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ബാന്ധവത്തിന്റേതുകൂടിയാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയമുഖമായി ജനസംഘം രൂപംകൊള്ളുന്നതിനുമുമ്പുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരെയും ചില സാമുദായിക സംഘടനാനേതാക്കളെയും ഉപയോഗപ്പെടുത്തി ഹിന്ദുമഹാമണ്ഡലത്തിന് ആര്‍ എസ് എസ് രൂപംകൊടുത്തിരുന്നല്ലോ. അന്നത്തെ ആര്‍ എസ് എസ് മേധാവി ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നം തന്നെ സംഘത്തിന്റെ സാംസ്‌കാരികശക്തിയും കോണ്‍ഗ്രസിന്റെ സംഘടനാശേഷിയും ചേര്‍ന്ന കമ്യൂണിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയ ശക്തിയായിരുന്നു. അത്തരമൊരു ശക്തിക്കുമാത്രമേ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമടങ്ങുന്ന ആഭ്യന്തരഭീഷണികളെ നേരിടാനാകൂ എന്നാണ് ഗോള്‍വാള്‍ക്കര്‍ വിശ്വസിച്ചത്.
ഹിന്ദുമഹാമണ്ഡലം തമ്മിലടിച്ച് പിരിഞ്ഞതും കേരളത്തിലെ ഇടതുപക്ഷ നവോത്ഥാന സ്വാധീനത്തെ മറികടന്ന് ഹിന്ദുത്വരാഷ്ട്രീയം വളരാതിരുന്നതിനും കാരണം ഇടതുപക്ഷം നടത്തിയ ശക്തമായ ആര്‍ എസ് എസ്‌വിരുദ്ധ ഇടപെടലുകളായിരുന്നു. പഴയ ഹിന്ദുമഹാമണ്ഡലത്തിന്റെ ആശയങ്ങള്‍ തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ തന്റെ നായാടിമുതല്‍ നമ്പൂതിരിവരെ എന്ന സിദ്ധാന്തത്തിലൂടെ അപഹാസ്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ്‌വിരുദ്ധ അജന്‍ഡയും വെള്ളാപ്പള്ളി നടേശന്‍ വഴി ആര്‍ എസ് എസ് സ്വാധീനമുറപ്പിക്കാന്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളും ഒരേ ലക്ഷ്യത്തോടെയുള്ളതാണ്. പരസ്പരം പങ്കുവെക്കപ്പെടുന്നതുമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ദുര്‍ബലമാക്കി ഇടതുപക്ഷരാഷ്ട്രീയത്തെയും ന്യൂനപക്ഷ-ദളിത്-പിന്നോക്ക ജനസമൂഹങ്ങളുടെ സാമൂഹികനീതി രാഷ്ട്രീയത്തെയും തകര്‍ക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
1957ലെ ഇ എം എസ് സര്‍ക്കാര്‍ സ്വീകരിച്ച ഭൂപരിഷ്‌കരണ നടപടികളോടും വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളോടും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലനിന്നിരുന്ന നിയമപരമായ വിവേചനം അവസാനിപ്പിച്ചതും സവര്‍ണ സമ്പന്ന വിഭാഗങ്ങളെ അങ്ങേയറ്റം പ്രകോപിപ്പിച്ചിരുന്നല്ലോ. ഇതില്‍ മനോരമ പത്രത്തിന്റെ പങ്ക് പ്രസിദ്ധമാണ്. അവരെല്ലാം ചേര്‍ന്നാണ് കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ പ്രതിലോമമുന്നണി ഉണ്ടാക്കിയത്.
ഇ എം എസ് സര്‍ക്കാറിനെ 356ാം വകുപ്പനുസരിച്ച് പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന അടല്‍ ബിഹാരി വാജ്പയ് വിമോചനസമരത്തെ പിന്തുണക്കാനായി കേരളത്തില്‍ എത്തിയിരുന്നു. കോട്ടയത്ത് വാജ്പയ് പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ അധ്യക്ഷന്‍ മലയാള മനോരമയുടെ പത്രാധിപര്‍ കെ സി മാമ്മന്‍ മാപ്പിള ആയിരുന്നു. ആര്‍ എസ് എസും കോണ്‍ഗ്രസും മലയാള മനോരമയും അന്നത്തെ അതേ വ്യാപ്തിയില്‍ കമ്യൂണിസ്റ്റ് വിരോധം കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്.
കുപ്രസിദ്ധമായ കോണ്‍ഗ്രസ്- ആര്‍ എസ് എസ് വോട്ടുകച്ചവടത്തിന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പോളം ചരിത്രമുണ്ട്. അത് ഏറ്റവും പ്രത്യക്ഷമായത് വിമോചനസമരാനന്തരം നടന്ന കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ്. പട്ടാമ്പിയില്‍ മത്സരിച്ച ഇ എം എസിനെ പരാജയപ്പെടുത്താന്‍ ആര്‍ എസ് എസ് അവരുടെ സ്ഥാനാര്‍ഥിയായ പി മാധവനെ പിന്‍വലിച്ച് കോണ്‍ഗ്രസിന് വോട്ടുകള്‍ മിറച്ചുനല്‍കി. ഇതിനുപകരമായി കോണ്‍ഗ്രസ് ഗുരുവായൂരിലെ ജനസംഘം സ്ഥാനാര്‍ഥി ടി എന്‍ ഭരതന് വോട്ടുനല്‍കാമെന്ന് ധാരണയുണ്ടാക്കി. ഇത്തരമൊരു ധാരണയുണ്ടാക്കിയത് സാക്ഷാല്‍ ഗോള്‍വാള്‍ക്കറുടെ മുന്‍കൈയിലായിരുന്നുവെന്നത് കേരളത്തിലെ കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ അടിവേരുകള്‍ എത്ര ശക്തമാണെന്നാണ് കാണിക്കുന്നത്.
പിന്നീടുണ്ടായ യു ഡി എഫ് -ബി ജെ പി വോട്ടുകച്ചവടങ്ങളെല്ലാം അതാത് കാലത്തെ ആര്‍ എസ് എസ് സര്‍സംഘചാലകിന്റെ അറിവോടെയും അനുമതിയോടെയുമായിരുന്നുവെന്നതാണ് വസ്തുത. കുപ്രസിദ്ധമായ വടകര-ബേപ്പൂര്‍ വോട്ടുകച്ചവടം നടക്കുന്നത് 1991ലെ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പിലാണല്ലോ.
കെ ജി മാരാരുടെ ജീവചരിത്രത്തിലും കെ രാമന്‍പിള്ളയുടെ പുസ്തകത്തിലും ആര്‍ എസ് എസിന്റെ മുന്‍കൈയില്‍ നടന്ന ഈ വോട്ടുകച്ചവടത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ജനവിഭാഗത്തിന്റെ രക്ഷകരായി ചമയുന്ന മുസ്‌ലിം ലീഗും ബി ജെ പിയുമായി പലഘട്ടങ്ങളിലായി വോട്ടുധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2006ലെ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് മത്സരിച്ച കെ ടി ജലീലിന്റെ വെല്ലുവിളിയെ നേരിടാന്‍ പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ആര്‍ എസ് എസിന്റെ സഹായം തേടിയതിനെക്കുറിച്ച് അക്കാലത്തെ തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകളെ കുറിച്ച് വിശകലനം ചെയ്തുകൊണ്ട് മലയാള മനോരമ പത്രം തന്നെ എഴുതുകയുണ്ടായി. അതിന് പകരമായി മുസ്‌ലിം ലീഗ് പാലക്കാട് നിയോജകമണ്ഡലത്തില്‍ മത്സരിച്ച ഒ രാജഗോപാലിനെ സഹായിക്കണമെന്ന് ധാരണയിലെത്തുകയുണ്ടായി.
ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോഴിക്കോട്ടെ ലീഗ് ഓഫീസില്‍ ആര്‍ എസ് എസ് സംസ്ഥാന കാര്യവാഹകിന്റെ നേതൃത്വത്തില്‍ ബി ജെ പി നേതൃത്വം നടത്തിയ സന്ദര്‍ശനം വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യമായി കോ- ലീ -ബി സഖ്യം പ്രവര്‍ത്തിച്ചതിന്റെ തെളിവായി പല തിരഞ്ഞെടുപ്പ് നിരീക്ഷകരും ബി ജെ പിയുടെ വോട്ടില്‍ വന്ന ചോര്‍ച്ച എടുത്തുകാട്ടിയിട്ടുണ്ട്. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8.05% വോട്ട് ലഭിച്ച ബി ജെ പിക്ക് 2001ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 5% വോട്ട് മാത്രം. അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയത്തിന് പ്രധാനഘടകമായത് ആര്‍ എസ് എസ് വോട്ടായിരുന്നു.
2004ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ രാജഗോപാലിന് 29.86% വോട്ട് ലഭിച്ചിരുന്നു. 2005ലെ ഉപ തിരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന് ലഭിച്ചത് 4.83% വോട്ടാണ്. അഡ്വ. പി ശ്രീധരന്‍ പിള്ള ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്ത് നടന്ന തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ സഹായം തേടിയതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുകയുണ്ടായി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പിലും ആര്‍ എസ് എസും കോണ്‍ഗ്രസും തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി ജെ പിക്ക് മിറച്ച് നല്‍കുകയായരുന്നു. തിരുവനന്തപുരം ജില്ലയിലെ ചില യു ഡി എഫ് എം എല്‍ എമാരാണ് ഈ വോട്ടുകച്ചവടത്തിന് മുന്നില്‍ നിന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസിന്റെ സഹായം ഉറപ്പുവരുത്തിയാണ് പോലും കോണ്‍ഗ്രസ് എം എല്‍ എമാര്‍തന്നെ വോട്ടുകച്ചവടത്തിന് നേതൃത്വം നല്‍കിയത്.
ഈയൊരു സാഹചര്യമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന സംഘപരിവാര്‍ നേതാക്കളുടെ ഗീര്‍വാണങ്ങള്‍ക്ക് അടിസ്ഥാനം. കേരളത്തിലെ പ്രതേ്യക സാഹചര്യത്തില്‍ തങ്ങളുടെ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പ്രഥമശത്രുക്കളായി കണ്ട് നേരിടാനാണ് കണ്ണൂരില്‍ നടന്ന ചിന്തന്‍ബൈഠകില്‍ മോഹന്‍ ഭഗവത് ഉദ്‌ബോധിപ്പിച്ചത്. ജാതി കൂട്ടുകെട്ടുകളിലൂടെയും യു ഡി എഫുമായി രഹസ്യധാരണയുണ്ടാക്കിയും എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്നാണ് ആര്‍ എസ് എസ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നത്. കേരളത്തിന്റെ പ്രബുദ്ധതയെന്നത് നവോത്ഥാനം സൃഷ്ടിച്ച മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരമാണ്. അത്തരമൊരു സമൂഹം സംഘപരിവാറിന് അക്കൗണ്ട് തുറക്കാനുള്ള കുടിലമാര്‍ഗങ്ങളെ ജാഗ്രതയോടെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here