തിരഞ്ഞെടുപ്പും സ്ത്രീശാക്തീകരണവും

Posted on: April 4, 2016 4:53 am | Last updated: April 3, 2016 at 11:02 pm
SHARE

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു പ്രസംഗിക്കാന്‍ രാഷ്ട്രീയ നേതാക്കളെല്ലാം ബഹുകേമന്മാരാണ്. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമ്പോള്‍ സ്ത്രീ ശാസ്ത്രീകരണം മനഃപൂര്‍വം വിസ്മരിക്കുകയും ചെയ്യും. ആസന്നമായ സംസ്ഥാന തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് മതിയായ പരിഗണനയില്ല. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി. 140 സീറ്റില്‍ 16 എണ്ണമാണ് വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണത്തിനായി വാദിക്കാറുളള ഇടത് പ്രസ്ഥാനം അവര്‍ക്കായി നീക്കിവെച്ചത്. എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ അല്‍പ്പം മെച്ചമാണ്. 14 പേരെ ആയിരുന്നു 2011ല്‍ ഇടതുമുന്നണി രംഗത്തിറക്കിയത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എം കാസര്‍കോട് ഒഴികെയുള്ള ജില്ലകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെങ്കിലും 92 സീറ്റുകളില്‍ 12 വനിതകള്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. 27 സീറ്റില്‍ മത്സരിക്കുന്ന സി പി ഐ പരിഗണിച്ചത് നാല് വനിതകളെയും.
സി പി എമ്മിന്റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷനും സുശീലാ ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്നു ഫെബ്രുവരി ആദ്യത്തില്‍ ആലപ്പുഴയില്‍ ഒരു വനിതാ പാര്‍ലിമെന്റ് സംഘടിപ്പിച്ചിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്താനും സ്ത്രീ വികസനത്തിന്റെ ബദല്‍ പാതകള്‍ തുറന്നു മുന്നേറാനും പ്രതിജ്ഞയെടുത്തു കൊണ്ടാണ് ആ വനിതാ കൂട്ടായ്മ സമാപിച്ചത്. എന്നാല്‍ തരം കിട്ടിയാല്‍ ഇസ്‌ലാമിന്റെ സ്ത്രീസമീപനത്തെ വിമര്‍ശിക്കുകയും ഇസ്‌ലാം സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയും അപ്പേരില്‍ മുസ്‌ലിം പണ്ഡിതന്മാരെ രൂക്ഷമായി ആക്രമിക്കുകയും ചെയ്യുന്ന ഇടതുപക്ഷ വനിതാ സംഘടനകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാതൃ സംഘടന തങ്ങളോട് കാണിക്കുന്ന വിവേചനത്തിന്റെ കാര്യത്തില്‍ നിശ്ശബ്ദരാണ്. പോളിറ്റ് ബ്യൂറോ ഉള്‍പ്പെടെ പാര്‍ട്ടിയുടെ സമുന്നത കമ്മിറ്റികളിലും സ്ത്രീപ്രാതിനിധ്യം നാമമാത്രമാണ്.
കോണ്‍ഗ്രസ് പട്ടിക ഡല്‍ഹിയില്‍ ദേശീയ നേതൃത്വത്തിന്റെ തീര്‍പ്പു കാത്തുകിടപ്പാണ്. അറിഞ്ഞിടത്തോളം പത്തില്‍ താഴെ വനിതകളുടെ പേര് മാത്രമാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച ലിസ്റ്റിലുള്ളത്. സ്ത്രീ പ്രാതിനിധ്യം വര്‍ധപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അഴിമതിയുടെ കറ പുരണ്ടവര്‍ക്ക് വേണ്ടി പോലും നേതാക്കള്‍ വീറോടെ രംഗത്തു വന്നപ്പോള്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് പറയാന്‍ ഒരാള്‍ പോലുമുണ്ടായില്ല. സംസ്ഥാനത്തെ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ നേരത്തെ ഡില്‍ഹിയില്‍ കേന്ദ്ര നേതൃത്തെ ചെന്നു കണ്ട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ചു പരാതിപ്പെടുകയും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല. രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ കൂടുതലായി കടന്നു വരണമെന്ന് അടുത്തിടെ എറണാകുളത്ത് നടന്ന വനിതാ ലീഗ് ദേശീയ കണ്‍വെന്‍ഷനില്‍ ആഹ്വാനം ചെയ്ത മുസ്‌ലിം ലീഗ് നേതൃത്വം തങ്ങളുടെ 24 സീറ്റുകളില്‍ ഒന്ന് പോലും വനിതകള്‍ക്കായി മാറ്റവെച്ചില്ല. കേരള നിയമസഭയില്‍ മുസ്‌ലിം ലീഗ് ഇതിനകം 178 പ്രതിനിധികളെ എത്തിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഒരു വനിത പോലുമില്ല. 1996 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിച്ച ഖമറുന്നിസയാണ് ചരിത്രത്തില്‍ മുസ്‌ലിംലീഗ് മത്സര രംഗത്തിറക്കിയ ഏക വനിതാ സ്ഥാനാര്‍ഥി. അവര്‍ പരാജയപ്പെടുകയും ചെയ്തു.
നിലവില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ പങ്ക് ഇലക്ഷനില്‍ വോട്ടുരേഖപ്പെടുത്തുക മാത്രമാണ്. പ്രാതിനിധ്യ ജനാധിപത്യക്കുറിച്ച് കേള്‍ക്കുന്നത് പുരുഷാധിപത്യമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇന്നും അരോചകമാണ്. വനിതകളെ മത്സരിപ്പിക്കുകയാണെങ്കില്‍ തന്നെ പല കക്ഷികളും വിജയ സാധ്യതയില്ലാത്തിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് രംഗത്തിറക്കാറുള്ളത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ തന്നെ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മറ്റു വഴികളില്ലത്തത് കൊണ്ടാണ് അവരെ മത്സരിപ്പിച്ചു തുടങ്ങിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ സ്ത്രീ സംവരണം 50 ശതമാക്കി ഉയര്‍ത്തിയെങ്കിലും അധികാരം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. അധികാര പദവിയില്‍ ഇരിക്കുന്നവരുടെ ഭര്‍ത്താക്കന്മാരോ ബന്ധപ്പെട്ട മറ്റു പുരുഷന്മാരോ ആണ് ഭരണം നിയന്ത്രിക്കുന്നത്. സ്ഥാനവും ക്വാറവും തികക്കാനുള്ള ബിനാമികള്‍ മാത്രമായാണ് സ്ത്രീകള്‍ അവരോധിക്കപ്പെടുന്നത്. ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച് വിമര്‍ശ ശരങ്ങളെയ്യുന്നവരെല്ലാം സ്വന്തം കാര്യം വരുമ്പോള്‍ തികഞ്ഞ പുരുഷമേധാവികളാണെന്ന് വ്യക്തം. സമത്വം തീര്‍ത്തും അസാധ്യമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പാര്‍ലിമെന്റിലും നിയമസഭകളിലും മുപ്പത്തിമൂന്ന് ശതമാനം പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള ഭരണ ഘടനാ ഭേദഗതി ബില്‍ പാര്‍ലിമെന്റിന്റെ പരിഗണനയിലുണ്ട്. 2008ല്‍ രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും ലോക്‌സഭ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ബില്‍ നിയമമാക്കിയത് കൊണ്ട് രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനം, അവഗണന, അടിച്ചമര്‍ത്തല്‍, വിവേചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അത് പരിഹാരമാകാന്‍ പോകുന്നില്ല. സ്ത്രീകളെ കേവല ഉപഭോഗവസ്തുവും ചൂഷണോപകരണവുമായി കാണുന്ന ഇന്നത്തെ വികലമായ സാമൂഹിക മനസ്സ് മാറാതെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകുകയില്ല.