ഒടുവില്‍ അഴിമതി ഇവിടെയും ചര്‍ച്ചയായി

Posted on: April 3, 2016 11:42 pm | Last updated: April 3, 2016 at 11:42 pm

mamathaകൊല്‍ക്കത്ത: മുമ്പൊന്നുമില്ലാത്ത വിധം പശ്ചിമ ബംഗാളില്‍ അഴിമതി ചര്‍ച്ചയായ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഭരണപക്ഷ പാര്‍ട്ടിക്കെതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നത് തിരഞ്ഞെടുപ്പ് ഫലം വരച്ചുകാട്ടും. രാഷ്ട്രീയക്കാരുടെ അഴിമതി ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിമാറുമ്പോള്‍ ജനങ്ങളുടെ നിലപാടുകള്‍ ഏതുവിധമാകുമെന്നത് വിവിധ പാര്‍ട്ടികള്‍ക്ക് ഊഹിക്കാനാകുന്നില്ല.
പശ്ചിമ ബംഗാളില്‍ ഇതുവരെയുണ്ടായ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികളുടെ നയം, പാര്‍ട്ടികളുടെ പ്രത്യേയശാസ്ത്രം, വികസനം, വാണിജ്യവത്കരണം തുടങ്ങിയ വിഷയങ്ങളാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച ചെയ്യാറുള്ളതെങ്കില്‍ ചരിത്രത്തില്‍ ആദ്യമായാണ് അഴിമതി ചര്‍ച്ചാ വിഷയമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് ഇടത് – വലത് സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധം. മുഴുവന്‍ പ്രചാരണ വേദികളിലും പോസ്റ്ററുകളിലും ശാരദ ചിട്ടി തട്ടിപ്പും നാരദ ഓപ്പറേഷനും നിറഞ്ഞു നിന്നു. എന്നാല്‍, ഇടത് – കോണ്‍ഗ്രസ് സഖ്യത്തിലെ ചേര്‍ച്ചയില്ലായ്മയെ പരിഹസിക്കുകയെന്നല്ലാതെ അഴിമതി, കൈക്കൂലി ആരോപണങ്ങളെ കാര്യമായ തോതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്നില്ല.
സംസ്ഥാനത്ത് ഇത്രയും അഴിമതി ആരോപണങ്ങളുണ്ടായ സര്‍ക്കാര്‍ ഭരണത്തിലേറിയിട്ടില്ലെന്നാണ് സി പി എം സെക്രട്ടറി സൂര്യ കാന്ത മിശ്ര പറയുന്നത്. അടിയന്തരാവസ്ഥ കാലത്ത് സിദ്ധാര്‍ഥ് ശങ്കര്‍ റായ് സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭത്തിന് തങ്ങള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും അഴിമതി നിറഞ്ഞ സര്‍ക്കാറിനെ നേരിടുന്നത് ആദ്യമായിട്ടാണെന്നാണ് സി പി എം നേതൃത്വം പറയുന്നത്. അഴിമതി ആരോപണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഇതുവരെയായിട്ടും ഒരു മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അഴിമതിയാല്‍ കളങ്കിതമായ സര്‍ക്കാറിനോട് ജനങ്ങള്‍ വോട്ടെടുപ്പിലൂടെ മറുപടി നല്‍കുമെന്നാണ് ഇടത് – കോണ്‍ഗ്രസ് സഖ്യം ഉറച്ച് വിശ്വസിക്കുന്നത്. തൊഴിലില്ലായ്മയും ജനാധിപത്യ ധ്വംസനവുമൊക്കെ സംസ്ഥാനം നേരിടുന്ന പ്രശ്‌നമാണെങ്കിലും അഴിമതി തന്നെയാണ് പ്രധാന വെല്ലുവിളിയെന്ന് സി പി എം നേതൃത്വം ആരോപിക്കുന്നു. ഇടത് ഭരണ കാലഘട്ടത്തെ ‘പാപ’ തുടര്‍ച്ചയാണ് ശാരദ ചിട്ടി അഴിമതിയെന്നും തൃണമൂലിനെ തകര്‍ക്കാനുള്ള തിരഞ്ഞെടുപ്പോടനുബന്ധിച്ചുള്ള ആസൂത്രിത ശ്രമമാണ് നാരദ ഓപ്പറേഷനെന്നും പാര്‍ട്ടി നേതൃത്വം ന്യായീകരിക്കുന്നു.