Connect with us

International

മുസ്‌ലിം ബാലനെ ഭീകരനെന്ന് വിളിച്ച് അധ്യാപിക; അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

ഹൂസ്റ്റണ്‍: മുസ്‌ലിം ബാലനെ ഭീകരെനെന്ന് വിളിച്ച അമേരിക്കന്‍ അധ്യാപിക കുരുക്കില്‍. വലീദ് അബ്ദുശബാന്‍ എന്ന 12കാരനെയാണ് മതപരമായി അധിക്ഷേപിക്കുകയും ഭീകരനെന്ന് വിളിക്കുകയും ചെയ്തത്. യു എസിലെ ടെക്‌സാസ് സ്റ്റേറ്റിലാണ് സംഭവം. സംഭവം വിവാദമായതോടെ അധ്യാപികയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂളില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് “ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം” എന്ന സിനിമ കാണുകയായിരുന്നു. സിനിമയില്‍ എന്തോ തമാശ വന്നപ്പോള്‍ വലീദ് ഉച്ചത്തില്‍ ചിരിച്ചു. ഇതോടെ ശകാരിക്കാന്‍ തുടങ്ങിയ അധ്യാപികയോട് ഞാന്‍ ചിരിച്ചു പോയതാണെന്ന് കുട്ടി മറുപടി പറഞ്ഞു. “ഞാന്‍ നീയായിരുന്നെങ്കില്‍ ഇങ്ങനെ ചിരിക്കുമായിരുന്നില്ല” എന്നായിരുന്നു അധ്യാപികയുടെ മറുപടി. അപ്പോള്‍ കുട്ടി ചോദിച്ചു: “എന്ത്‌കൊണ്ട്?” “എന്ത്‌കൊണ്ടെന്നാല്‍ ഞങ്ങളെല്ലാവരും കരുതുന്നു നീയൊരു ഭീകരനാണെന്ന്”- അധ്യാപിക രേഷാകുലയായി ആക്രോശിച്ചു.
ഇതോടെ മറ്റ് വിദ്യാര്‍ഥികള്‍ വലീദിനെ “ബോംബ്” എന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങി. ഇതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും ക്ലാസില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നും വലീദ് പറയുന്നു.
ഇംഗ്ലീഷ് അധ്യാപികയുടെ ഈ പെരുമാറ്റം തന്റെ മകനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും മുസ്‌ലിമായത് കൊണ്ട് മാത്രമാണ് ഈ ദുരനുഭവം ഉണ്ടായതെന്നും വലീദിന്റെ പിതാവ് മാലിക് അബൂ ശബാബ് പറഞ്ഞു. വലീദ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ്. അവന്‍ എല്ലാത്തിനും മീതെ അമേരിക്കക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ ഇത്തരത്തില്‍ മതപരമായ അധിക്ഷേപം നടക്കുന്നത് അത്യന്തം ഖേദകരമാണെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ ക്വാനല്‍ എക്‌സ് പറഞ്ഞു. അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവരെ പിരിച്ചു വിടണമെന്നാണ് വലീദിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

Latest