യു എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്:’ട്രംപ്

Posted on: April 3, 2016 11:24 pm | Last updated: April 3, 2016 at 11:24 pm
SHARE

trumpവാഷിംഗ്ടണ്‍: അമേരിക്ക വരും വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെടുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മയും കൊട്ടിഘോഷിക്കപ്പെടുന്ന സ്റ്റോക് മാര്‍ക്കറ്റും സാമ്പത്തിക രംഗത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിസ്‌കോണ്‍സില്‍ നാളെ നടക്കാനിരിക്കുന്ന സുപ്രധാനമായ പ്രൈമറിക്ക് മുന്നോടിയായാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നാം ഇരിക്കുന്നത് ഒരു സാമ്പത്തിക ബലൂണിന്‍മേലിലാണ്. യു എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത് പോലെ അഞ്ച് ശതമാനമല്ല തൊഴിലില്ലായ്മ നിരക്ക്. ശരിക്കുമുള്ള സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇത് 20 ശതമാനത്തോളം വരും. തൊഴിലില്ലായ്മയെ കുറിച്ച് ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ രാഷ്ട്രീയക്കാരെയും പ്രസിഡന്റിനെയും സുഖിപ്പിക്കാനുള്ളതാണ്. സ്റ്റോക് മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കാനുള്ള നിര്‍ണായകമായ സമയമാണ് ഇപ്പോഴെത്തിയിരിക്കുന്നത്. എട്ട് വര്‍ഷ കാലയളവിനുള്ളില്‍ 19 ട്രില്യനോളം വരുന്ന ദേശീയ കടം തുടച്ചുനീക്കുമെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
ഗര്‍ഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കണമെന്ന വിവാദമായ പ്രസ്താവനയുമായി കഴിഞ്ഞ ആഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പ്രസംഗത്തിലും പ്രസ്താവനകളിലും പ്രസിഡന്റിനുണ്ടാകേണ്ട ഗുണഗണങ്ങള്‍ പ്രതിഫലിപ്പിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ ഓര്‍മപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അഭിമുഖത്തില്‍ പറയാന്‍ ട്രംപ് മുന്നോട്ടുവന്നതെന്ന് കരുതപ്പെടുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തില്‍ ജയിച്ചാലും നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ അകറ്റുന്ന നിലപാടുകളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സഹരാഷ്ട്രീയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയിരുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തിനുള്ള പ്രചാരണം ആരംഭിച്ചതുമുതല്‍ തന്നെ വിദ്വേഷപരവും അസഹിഷ്ണുതാപരവുമായി നിരവധി പ്രസ്താവനകളിലൂടെ ട്രംപ് വിമര്‍ശമേറ്റുവാങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here