75 ശതമാനം വരെ ഇടിവ്; സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയുന്നു

Posted on: April 3, 2016 6:25 pm | Last updated: April 3, 2016 at 6:25 pm
SHARE

smart phonesസ്മാര്‍ട് ഫോണ്‍ വില അതിവേഗത്തില്‍ കൂപ്പുകുത്തുന്നു. ലോഞ്ചിംഗ് സമയത്ത് 2,500 ദിര്‍ഹം വരെ വിലയുണ്ടായിരുന്ന മുന്‍നിര സ്മാര്‍ട് ഫോണുകള്‍ ഇന്ന് വില്‍പന നടത്തുന്നത് അതിന്റെ നാലിലൊന്ന് വിലക്കാണ്. മനോഹരവും ആകര്‍ഷണവുമായ രീതിയില്‍ വന്ന പഴയ മോഡല്‍ സ്മാര്‍ട് ഫോണുകള്‍ക്ക് ഇപ്പോള്‍ 500 മുതല്‍ 1,000 ദിര്‍ഹം വരെയാണ് വിപണിയില്‍ വില.
സ്മാര്‍ട് ഫോണ്‍ വിപണിയിലെ മുന്നേറ്റവും പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്കിടയിലെ മത്സരം വര്‍ധിച്ചതും പഴയ മുന്‍നിര സ്മാര്‍ട് ഫോണുകളുടെ വില ഇടിയാന്‍ കാരണമായിട്ടുണ്ട്. ഉപഭോക്താക്കളുടെ താത്പര്യങ്ങളും അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നതും വില കുറയാന്‍ കാരണമായി.
ലളിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന മോഡലുകള്‍ക്കാണ് മിക്ക ഉപഭോക്താക്കളും മുന്‍തൂക്കം നല്‍കുന്നത്. അതിനാല്‍ തന്നെ പഴയ മോഡല്‍ ഹാന്റ് സെറ്റുകളും സാങ്കേതികതയില്‍ പിന്നില്‍ നില്‍ക്കുന്ന ഹാന്റ് സെറ്റുകളും വിലകുറച്ച് വിപണിയില്‍ മത്സരിക്കേണ്ടതായി വരുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റവും അനുബന്ധ സാങ്കേതിക സേവനങ്ങളും വിലയിരുത്തിയാണ് മിക്കവരും ഫോണുകള്‍ സ്വന്തമാക്കുന്നത്. സമാന സാങ്കേതിക ഗുണങ്ങളുള്ള ചില സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ വില കുറക്കുമ്പോള്‍ ഈ കമ്പനികളുമായി മത്സരിക്കാന്‍ ഉയര്‍ന്ന ബ്രാന്റഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും വില കുറക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
വിപണിയില്‍ 4ജി ഹാന്റ്‌സെറ്റുകള്‍ വ്യാപകമായതോടെ 3ജി സപ്പോര്‍ട്ട് ഉള്ള ഫോണുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. പുത്തന്‍ സാങ്കേതിക ഉത്പന്നങ്ങള്‍ക്ക് പിറകെപോകുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മിക്ക കമ്പനികളും നേരത്തെ തന്നെ വില കുറച്ചിരുന്നു.
അത്യാഘോഷപൂര്‍വമായ ചടങ്ങോടെ ലോഞ്ചിംഗ് നടത്തിയ ബ്ലാക്ക്‌ബെറി ഇസഡ് 10 ഫോണിന്റെ ഇന്നത്തെ വിപണിവില 499 ദിര്‍ഹമാണ്. ലോഞ്ചിംഗ് സമയത്ത് ഇതിന് 2,500 ദിര്‍ഹമായിരുന്നു വില.
വളരെ നവ്യമായ രീതിയില്‍ പകിട്ടോടെ പുറത്തിറക്കിയ 4.2 ഇഞ്ച് വലിപ്പവും 3,264 x 2448 പിക്‌സലും എട്ട് മെഗാ പിക്‌സല്‍ ക്യാമറ ക്ലാരിറ്റിയും 1,800 എം എ എച്ച് ബാറ്ററി പവറും ത്രീ ജി സൗകര്യത്തോടുകൂടിയുള്ള ബ്ലാക്ക് ബെറി 10 ഒ എസിന്റെ വിലയും കുത്തനെ ഇടിഞ്ഞു. സമാന രീതിയുള്ള ഫീച്ചേര്‍സുമായി പുറത്തിറക്കിയ ബ്ലാക്ക് ബെറി ഇസഡ് 3 ഇന്ന് വില്‍ക്കുന്നത് 549 ദിര്‍ഹമിനാണ്. ഉയര്‍ന്ന നിലവാരമുള്ള ആപ്ലിക്കേഷനുകളുടെ അഭാവമാണ് ഗുരുതരമായ രീതിയിലേക്ക് വില കൂപ്പുകുത്താന്‍ ഇടയാക്കിയത്.
പഴയ മോഡല്‍ ബ്ലാക്ക്‌ബെറി ഫോണുകളില്‍ വാട്‌സ്ആപ്പ് സര്‍വീസ് നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നോക്കിയ എസ് 40, സിമ്പിയന്‍ എസ് 60, ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7.1 തുടങ്ങിയവയിലും വാട്‌സ്ആപ് സപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
20 മെഗാ പിക്‌സല്‍ ക്യാമറ ക്ലാരിറ്റിയുള്ള വാട്ടര്‍ പ്രൂഫോടുകൂടിയ സോണിയുടെ ഫോണുകള്‍ക്കും വിപണിയില്‍ വിലക്കിഴിവും ഒപ്പം ഓഫറും നല്‍കുന്നുണ്ട്. പുറത്തിറങ്ങിയ സമയം മുതല്‍ 2,300 ദിര്‍ഹം വിലയുണ്ടായിരുന്ന സോണി എക്‌സ്പീരിയ ഇസഡ് 3 പ്ലസിന് 1,200 ദിര്‍ഹമാണ് ഇന്നത്തെ വിപണി വില. 5.2 ഇഞ്ച് വലിപ്പവും 1080 x 1920 പിക്‌സലും 20.7 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസറും 32 ജി ബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണാണിത്. 3 ജി ബി റാം ഉള്ള ഫോണിന്റെ ബാറ്ററി 2930 എം എ എച്ച് ആണ്.
ഇപ്പോഴുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനായ ലോലിപോപ്പില്‍ നിന്ന് പുതിയ ആന്‍ഡ്രോയ്ഡ്‌വേര്‍ഷനായ മാര്‍ഷ്മാളോയിലേക്ക് ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്ന് സോണി സാക്ഷ്യപ്പെടുത്തുന്നു.
1,000 ദിര്‍ഹമിന് താഴെ വിലയില്‍ സ്വന്തമാക്കുന്ന മറ്റൊരു സ്മാര്‍ട് ഫോണ്‍ എല്‍ ജിയുടെ ജി 3 ആണ്. എന്നാല്‍ താരതമ്യേനെ ഇതിന് ലോഞ്ചിംഗ് സമയത്തുണ്ടായിരുന്ന വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. 879 ദിര്‍ഹമാണ് ഇതിന്റെ വിപണിവില. നിലവിലെ വില താരതമ്യപ്പെടുത്തുമ്പോള്‍ ഈ വിലക്ക് കിട്ടാവുന്ന മികച്ച മൂല്യമുള്ള ഫോണാണിത്. ക്വോല്‍കോം എം എസ് എം 8975 എ സി സ്‌നാപ് ഡ്രാഗണ്‍ 801 പ്രൊസസറുള്ള ഫോണില്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 3 ജി ബി റാമും 13 മെഗാപിക്‌സല്‍ ക്യാമറയും 32 ജി ബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന്റെ ബാറ്ററി 3000 എം എ എച്ച് കപ്പാസിറ്റിയുള്ളതാണ്.
എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ പ്രേമം ജ്വരമായവര്‍ വിപണിയില്‍ ഇറങ്ങുന്ന നവീന മോഡല്‍ ഹാന്റ് സെറ്റുകള്‍ സ്വന്തമാക്കുന്നവരാണ്. അടുത്തിടെ വിപണിയിലിറക്കിയ മുന്തിയം ഇനം സ്മാര്‍ട്‌ഫോണുകള്‍ ഇതിനകം ഉപഭോക്തൃ സമ്മതി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here