നന്മയില്‍ മുന്നേറിയവന്‍

Posted on: April 3, 2016 6:18 pm | Last updated: June 15, 2016 at 4:41 pm
SHARE

muslim_prayer_beadsമനുഷ്യന്‍ ലക്ഷ്യബോധമുള്ളവനാണ്. അലക്ഷ്യമായി ഹോമിക്കപ്പെടുന്ന ജീവിതം മൃഗീയ ജീവിതത്തിന്റെ തനിപകര്‍പ്പാണ്. ബുദ്ധിയും വിവേകവും വിവേചന ബോധവും നല്‍കപ്പെട്ട ഒരു സൃഷ്ടിയാണ് മനുഷ്യന്‍. നന്മയോ തിന്മയോ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവനു ലഭിച്ചിരിക്കുന്നു. ആ സ്വാതന്ത്ര്യമത്രയും യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കപ്പെട്ട ഒരു പ്രപഞ്ചത്തിലാണുതാനും അവന്റെ വാസം. ഇവയത്രയും ലക്ഷ്യസാക്ഷാത്കാരത്തിനായി ഉപയോഗിക്കുക എന്നതാണ്.
പരലോക മോക്ഷമാണ് വിശ്വാസിയുടെ പരമമായ ലക്ഷ്യം. കളങ്കമറ്റ വിശ്വാസത്തോടെ ചെയ്യപ്പെടുന്ന നന്മകള്‍കൊണ്ടു മാത്രമേ ആ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ. നന്മകളുടെ കണക്കനുസരിച്ച് അവരുടെ പദവിയിലും ഏറ്റവ്യത്യാസം ഉണ്ടായിരിക്കും.
മനുഷ്യന്റെ ചിന്തയും വാക്കും പ്രവര്‍ത്തിയുമെല്ലാം നാടിനും നാട്ടാര്‍ക്കും നന്മ വരുത്തുന്നതായിരിക്കണം. നാശവും വിദ്വേഷവും ഉണ്ടാക്കുന്ന ഒന്നുംതന്നെ വിശ്വാസികളില്‍നിന്നുണ്ടാവരുത്. നന്മകള്‍ എത്രയോ നമുക്ക് ചെയ്യാനുണ്ട്. ഓരോ നന്മ ചെയ്യുമ്പോഴും ഒരു ദാനം ചെയ്ത പ്രതിഫലം ലഭിക്കുമെന്നാണ് തിരുവചനം.
ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ നിനക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ക്ക് തിന്മ വരുത്തുന്നത് ഒരിക്കലും നിന്നില്‍നിന്നുമുണ്ടാവരുത്. നബി (സ) പറയുന്നു. ദാനം എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ചോദിക്കപ്പെട്ടു, ദാനം ചെയ്യാന്‍ ഒന്നും ലഭ്യമായില്ലെങ്കിലോ? നബി (സ) പറഞ്ഞു. അവന്‍ കൈകൊണ്ട് ജോലി ചെയ്ത് അവന്ന് ആവശ്യമുള്ള ഉപയോഗപ്പെടുത്തി ബാക്കി ദാനം ചെയ്യട്ടെ. വീണ്ടും ചോദിക്കപ്പെട്ടു. അതിനും അവന് കഴിയില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു. ശാരീരികമായി സഹായം ആവശ്യമുള്ളവര്‍ക്ക് സഹായിക്കട്ടെ? അപ്പോഴും ചോദിക്കപ്പെട്ടു. അതിനും അവന് കഴിയില്ലെങ്കിലോ? അവന്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യട്ടെ എന്നവിടുന്ന് പറഞ്ഞു. അപ്പോള്‍ വീണ്ടും ചോദിക്കപ്പെട്ടു. അതിനും അവന് സാധിച്ചില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു. ഒന്നും അവന് കഴിഞ്ഞില്ലെങ്കില്‍ അവന്‍ ഒരാള്‍ക്കും തിന്മ വരുത്താതിരിക്കുക. അത് അവന്റെ ദാനമാകുന്നു.
പരസ്പര ബന്ധങ്ങളുടെ പ്രഥമവും പ്രധാനവുമായ ഉപാധിയാണല്ലോ സംഭാഷണം. ബന്ധങ്ങളുടെ ശിഥിലീകരണത്തിന് പലപ്പോഴും ഏറ്റവും വലിയ കാരണമായിത്തീരുന്നതും സംഭാഷണം തന്നെ. സൗമ്യ ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെ അത്തരം ശിഥിലീകരണങ്ങള്‍ക്ക് കൂച്ച്‌വിലങ്ങിടാനാകും. അതുകൊണ്ടുതന്നെ ജനങ്ങളോട് സംസാരിക്കുമ്പോള്‍ നല്ലത് മാത്രമേ പറയാവൂ എന്നാണ് തിരുവരുള്‍. അവിടുന്ന് പറയുന്നു, നന്മ നിറഞ്ഞ എല്ലാ വാക്കുകളും ധര്‍മമാണ്. ഒരാള്‍ തന്റെ സഹോദരനെ ഏതെങ്കിലും നിലയില്‍ സഹായിക്കുന്നത് ധര്‍മമാണ്. ദാഹിച്ചവന് നല്‍കപ്പെടുന്ന ഒരിറുക്ക് വെള്ളം ധര്‍മമാണ്. വഴിയില്‍നിന്നും മാലിന്യം നീക്കം ചെയ്യലും ധര്‍മംതന്നെ (ഹദീസ്).
നന്മകള്‍ നിരന്തരം വന്നുകൊണ്ടിരിക്കണം. അതു പുണ്യവും ഈമാനിന്റെ അടയാളവുമാണ്. നബി (സ) പറയുന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കര്‍മം നിരന്തരമായി ചെയ്യപ്പെടുന്ന കര്‍മമാണ്. അത് കുറഞ്ഞതെങ്കിലും (ഹദീസ്). സുലൈമാന്‍ (റ) പറയുന്നു. പാരത്രികമോക്ഷം ആഗ്രഹിക്കുന്നവന്‍ നന്മകള്‍ നിരന്തരം ചെയ്യുകയും നന്മയുടെ സദസ്സുകള്‍ പതിവാക്കുകയും ചെയ്യട്ടെ.
നന്മകളില്‍ ഏറ്റവും പ്രധാനമാണ് അനാഥകള്‍ക്കും അശരണര്‍ക്കും അത്താണിയാവുക എന്നത്. അവരുടെ ദുഖവും ജീവിതത്തിലെ പ്രയാസങ്ങളും നാം അറിയണം. അത് ഹൃദയത്തിന്റെ കാഠിന്യം നീങ്ങാനുള്ള മാര്‍ഗമായി നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. നിങ്ങള്‍ ഇഹലോകത്ത് ചെയ്യുന്ന ഏതൊരു നന്മയും മഹത്തായ പ്രതിഫലമുള്ള നന്മയായി പരലോകത്ത് നിങ്ങള്‍ എത്തിക്കും. നന്മകള്‍കൊണ്ട് ജീവിതം ധന്യമാക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ. ആമീന്‍.

LEAVE A REPLY

Please enter your comment!
Please enter your name here