ഭക്തിയുടെ സൗന്ദര്യം

Posted on: April 3, 2016 6:15 pm | Last updated: April 3, 2016 at 6:15 pm
SHARE

prayഎന്താണ് ഭക്തി? സൂക്ഷ്മതയാര്‍ന്ന ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഭക്തിയുടെ രഹസ്യം. പാപ പങ്കിലമായ ജീവിത പരിസരങ്ങളില്‍ നിന്നും വൃത്തികേടുകളില്‍നിന്നും മാറി നില്‍ക്കുന്നതോടോപ്പം സ്‌നേഹവും കാരുണ്യവും പകരുന്ന, വിട്ടു വീഴ്ച ചെയ്യുന്ന ജീവിത ക്രമം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്.
‘സത്യ വിശ്വാസിക്ക് രണ്ടു ഹൃദയങ്ങളുണ്ട്. ഒന്ന് പ്രതീക്ഷിക്കാനും മറ്റൊന്ന് ഭയക്കാനെന്നും’ ലുഖ്മാന്‍ (റ) പറഞ്ഞിട്ടുണ്ട്. ഭയവും പ്രതീക്ഷയും ഒരു സത്യവിശ്വാസിയുടെ ജീവിതത്തെ ക്രമപ്പെടുത്തണം. അത് ഭക്തിയിലേക്കുള്ള അയാളുടെ പ്രവേശന കവാടമാകുന്നു. അല്ലാഹുവുമായി സന്ധിക്കാനാഗ്രഹിക്കുന്ന നമുക്ക് അല്ലാഹുവോട് വഞ്ചന കാണിക്കാന്‍ കഴിയുമോ? ഭാര്യയുടെ വഞ്ചന വെളിപ്പെട്ടാല്‍ നാം എത്രമാത്രം പൊട്ടിത്തെറിക്കും? എത്ര മാത്രം രോഷാകുലരാകും? എന്തെല്ലാം മാനസിക സംഘര്‍ഷങ്ങളില്‍പെട്ട് പോകും. എന്നാല്‍ ഒന്ന് ഓര്‍ത്ത് നോക്കൂ, അല്ലാഹുവിന്റെ അടുത്ത് എങ്ങിനെയാണ് നാം ചെന്നു നില്‍ക്കുക?
മനുഷ്യര്‍ക്ക് സ്വര്‍ഗീയ പ്രവേശം സാധ്യമാക്കുന്ന പ്രധാന സംഗതി എന്തെന്ന് മുത്ത് നബി (സ്വ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു; ദൈവ ഭക്തിയും സല്‍സ്വഭാവവും’ നരകത്തിലേക്ക് ഒരാളെ കടത്തുന്ന പ്രധാന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ‘ഉള്ളു പൊള്ളയായ രണ്ടു വസ്തുക്കള്‍. വായയും ലിംഗവും’.
മുത്ത് നബി (സ്വ) പറഞ്ഞു; ‘തനിച്ചായിരിക്കുമ്പോള്‍ തെറ്റുകളില്‍ നിന്നും തടയുന്ന തീവ്ര ഭക്തി ഉള്ളില്‍ ഇല്ലാത്തവന്‍ കൂട്ടത്തിലായിരിക്കുമ്പോള്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ അല്ലാഹു പരിഗണിക്കുകപോലും ചെയ്യില്ല’.
പാപത്തില്‍ നിന്നും പിന്തിരിയാന്‍ കല്‍പിക്കപ്പെട്ട നാം പാപികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. തെമ്മാടികളുമായി കൂട്ടുകൂടി നടക്കുന്ന ശീലങ്ങളില്‍നിന്നും നാം മാറിയെ പറ്റൂ.
‘അധാര്‍മികതയുടെ തിരസ്‌കരണമാണ് മതത്തിന്റെ അസ്ഥിവാരം. അതിമോഹമാണ് ദീനിന്റെ വിനാശം’ എന്ന് പുന്നാര നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. അല്ലാഹുവിനെ ആശ്രയിച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയും നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രാമുഖ്യം കാണിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ മഹനീയ വഴികളില്‍ പ്രവേശിക്കാന്‍ സാധിക്കും.
നമ്മുടെ മൃഗീയ വികാരത്തെ സ്വയം നിയന്ത്രിക്കാനും മനസ്സിനെ നേരായ വഴിയില്‍ ചലിപ്പിക്കാനും കഴിഞ്ഞാന്‍ മാത്രമേ ഭക്തനാകാന്‍ ഒരാള്‍ക്ക് സാധ്യമാകൂ. ശരീരം കുളിച്ചു ശുദ്ധീകരിച്ചു നാറ്റത്തില്‍ നിന്നും നജസില്‍ നിന്നും മുക്തനാകുന്ന പോലെ തന്നെ ദേഹിയെയും ശുദ്ധീകരിക്കണം. കാരണം ശരീരത്തില്‍നിന്നും വരുന്ന ദുര്‍ഗന്ധത്തെക്കാള്‍ മാരകമായിരിക്കും ദേഹിയില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം. അതിന്റെ രൂക്ഷതയില്‍ സമൂഹം മുഴുവന്‍ തകര്‍ന്നു തരിപ്പണമായി തീരും.

LEAVE A REPLY

Please enter your comment!
Please enter your name here