ഇന്ത്യ സഊദി ബന്ധം ഉയരങ്ങളിലേക്ക്

Posted on: April 3, 2016 3:56 pm | Last updated: April 3, 2016 at 3:56 pm
SHARE

MODI SOUDIഇന്ത്യ-സഊദി അറേബ്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഊദി സന്ദര്‍ശനം ഉപകരിക്കുമെന്ന് പ്രവാസികള്‍ കരുതുന്നു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സഊദി സന്ദര്‍ശനം നടത്തിയത് ഇന്ത്യക്ക് ഏറെ ഗുണകരമായിരുന്നു. ഇന്ത്യയിലേക്ക് സഊദിയില്‍ നിന്നുള്ള എണ്ണകയറ്റുമതി വര്‍ധിക്കാന്‍ അത് ഇടയാക്കി. മാത്രമല്ല, സഊദിയിലെ തൊഴിലവസരങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വലിയ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു.

സൈനിക സഹകരണം, കയറ്റിറക്കുമതി എന്നിവ സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇപ്പോള്‍ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ പ്രവാസികള്‍ കരുതുന്നത്. ഏതാനും മാസം മുമ്പ്, കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ചിരുന്നു. ഇത് ഇന്ത്യക്കാരില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. ഇന്ത്യ-യു എ ഇ ബന്ധം ഏറെ ശക്തിപ്പെട്ടു. ഇതിന്റെ തുടര്‍ച്ച സഊദി സന്ദര്‍ശനത്തിലും കാണാനാകും. ജി സി സിയിലെ പ്രധാന രാജ്യങ്ങളാണ് സഊദിയും യു എ ഇയും. വിദേശ നയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സമാനമായ നിലപാടുകളാണ് ഉള്ളത്. മൊത്തത്തില്‍ ജി സി സിയും ഇന്ത്യയും തമ്മിലുള്ള ബന്ധം പൂര്‍വാധികം ശക്തിപ്പെടുന്ന സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.
ഭീകരതയും തീവ്രവാദവും ജി സി സിയെ ഭീഷണിയിലാഴ്ത്തിയിട്ടുണ്ട്. ഇതിനെ നേരിടാന്‍ ജി സി സി ഇന്ത്യയുടെ സഹായം ആഗ്രഹിക്കുന്നു. ജി സി സിയില്‍ സമാധാനം കൈവന്നാല്‍ ഏഷ്യക്കാര്‍ക്ക് അത് ഗുണം ചെയ്യുമെന്നതാണ് ഇന്ത്യയുടെ താല്‍പര്യം. അത് കൊണ്ടുതന്നെ പരസ്പര ബന്ധം രണ്ടു മേഖലകളും ഒരേ പോലെ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സഊദി സന്ദര്‍ശക സംഘത്തിലുണ്ട്. അവര്‍ സഊദി പ്രതിരോധ വിദഗ്ധരുമായി ചര്‍ച്ച നടത്തി. സഊദിക്ക് ആവശ്യമായ സൈനികോപകരണങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയും സഊദി അറേബ്യയും പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കറെത്വയിബ ഭീകരവാദികളെ നേരിടുന്ന രാജ്യങ്ങളാണ്. 2008ല്‍ മുംബൈയില്‍ ആക്രമണം നടത്തിയത് ലഷ്‌കറെത്വയിബയാണ്. അത് കൊണ്ടുതന്നെ ഇക്കാര്യത്തിലും അമേരിക്കക്കും ഇന്ത്യക്കും സഊദി അറേബ്യക്കും സഹവര്‍തിത്വമുണ്ട്. അതേസമയം, സഊദി അറേബ്യയും പാക്കിസ്ഥാനും അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സഊദി അറേബ്യ ഒരേ നിരയിലാണ് കാണുന്നത്.
35 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ സഊദിയില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കും. പക്ഷേ, സഊദി അറേബ്യ സ്വദേശി വത്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അതിനാല്‍ വലിയ ഫലം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് കരുതാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here