ഒപെക് രാജ്യങ്ങളില്‍ എണ്ണ ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: April 3, 2016 3:48 pm | Last updated: April 3, 2016 at 3:48 pm

oilമസ്‌കത്ത്: ഒപെക് രാജ്യങ്ങളില്‍ റെക്കോര്‍ഡ് എണ്ണ ഉത്പാദനം. ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ദിവസേന ഒരു ലക്ഷം ബാരലിന്റെ വര്‍ധനയാണുണ്ടായത്. ഉത്പാദന നിയന്ത്രണമെന്ന മുന്‍ തീരുമാനം മുറുകെപ്പിടിച്ച് ഒപെക്കിലെ ഏറ്റവും വലിയ ഉല്‍പാദകരായ സഊദി അറേബ്യ നേരിയ തോതില്‍ ഉത്പാദനം കുറച്ചപ്പോള്‍ ഇറാനും ഇറാഖുമാണ് ഉത്പാദനം കൂട്ടിയത്. ഉത്പാദന നിയന്ത്രണത്തിനായി ഈ മാസം 17ന് യോഗം കൂടാനിരിക്കുകയാണ്.

മാര്‍ച്ചില്‍ ഒപെക് രാജ്യങ്ങളുടെ ഉല്‍പാദന ശരാശരി ദിവസേന 3.247 കോടി ബാരലാണെന്നു റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. വിവിധ ഷിപ്പിംഗ് ഏജന്‍സികളില്‍നിന്നും എണ്ണക്കമ്പനികളില്‍ നിന്നുമുള്ള കണക്കുകള്‍ സമാഹരിച്ചതാണിത്.

ഫെബ്രുവരിയിലെ ഉത്പാദനം 3.237 കോടി ബാരലായിരുന്നു. ഒപെക് ഉത്പാദനത്തില്‍ മൂന്നിലൊന്നും സഊദി അറേബ്യയുടേതാണ്. ഫെബ്രുവരിയിലെ സൗദി ഉല്‍പാദനം 1.02 കോടി ബാരല്‍ ആയിരുന്നെങ്കില്‍ മാര്‍ച്ചില്‍ ഉല്‍പാദനം 1.01 കോടി ബാരലായി നേരിയ തോതില്‍ കുറഞ്ഞു. ജനുവരിയില്‍ ഉപരോധം പിന്‍വലിച്ചതോടെ വിപണി തിരിച്ചുപിടിക്കാന്‍ ഉല്‍പാദനം കൂട്ടിത്തുടങ്ങിയ ഇറാന്‍ മാര്‍ച്ചില്‍ 2.3 ലക്ഷം ബാരല്‍ അധികം ഉല്‍പാദിപ്പിച്ചതായാണു കണക്ക്. ഒപെക്കിലെ രണ്ടാംസ്ഥാനക്കാരായിരുന്ന ഇറാന്‍ മുന്‍ ഉല്‍പാദനമായ 40 ലക്ഷം ബാരലിനു മുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇറാഖിന്റെ തെക്കന്‍ മേഖലയില്‍ റെക്കോര്‍ഡ് ഉല്‍പാദനമാണ് നടന്നത്.
യു എ ഇ, നൈജീരിയ, ലിബിയ എന്നിവിടങ്ങളില്‍ ഉല്‍പാദനം കുറഞ്ഞപ്പോഴും ഒപെക് ഉത്പാദനം ഉയര്‍ന്നത് ഇറാന്‍, ഇറാഖ് എണ്ണയില്‍നിന്നാണ്. അംഗോളയുടെ എണ്ണ കയറ്റുമതിയിലും വര്‍ധനയുണ്ടായി.