സുരേന്ദ്രന്‍പിള്ള പാര്‍ട്ടി വിട്ടു; നേമത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

Posted on: April 3, 2016 10:38 am | Last updated: April 3, 2016 at 12:40 pm
SHARE

v surendran pillaiതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ വി സുരേന്ദ്രന്‍പിള്ള പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. എല്‍ ഡി എഫിലെ സീറ്റുവിഭജനത്തില്‍ അതൃപ്തിയും തിരുവനന്തപുരം സീറ്റ് ആന്റണി രാജുവിന് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജി. കേരളാ കോണ്‍ഗ്രസ് വിട്ട സുരേന്ദ്രന്‍പിള്ള ജെ ഡി യുവില്‍ ചേര്‍ന്ന് നേമത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ജെ ഡി യു നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

മത്സര രംഗത്തുണ്ടാകുമെന്ന് സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്.
ആറു ജില്ലാ പ്രസിഡന്റുമാര്‍, നാലു ജനറല്‍ സെക്രട്ടറിമാര്‍, മറ്റ് പോഷകസംഘടനകളും വിവിധ തലങ്ങളിലെ ഭാരവാഹികളും തനിക്കൊപ്പം പാര്‍ട്ടിവിട്ടതായി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പോഷക സംഘടനകളുടെ യോഗത്തിന് ശേഷമാണ് രാജി തീരുമാനം അറിയിച്ചത്. എല്‍ ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ഒരു സീറ്റ് മാത്രമാണ് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ സ്‌കറിയാതോമസ് വിഭാഗം മത്സരിച്ചിരുന്നു. ഇവ സിപി എം പിടിച്ചെടുത്തു. വിജയസാധ്യത കുറഞ്ഞ കടത്തുരുത്തി മാത്രമാണ് സി പി എം കേരളാകോണ്‍ഗ്രസിന് നല്‍കിയത്. ഈ നടപടിയില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നെന്നും തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിജയസാധ്യത കുറഞ്ഞ സീറ്റ് ഏറ്റെടുത്ത പാര്‍ട്ടി ചെയര്‍മാന്റെ നടപടിയെ എതിര്‍ത്തിരുന്നു. എന്നാല്‍ സ്‌കറിയാ തോമസ് തന്റെ വാദം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഫലം വരുമ്പോള്‍ അദ്ദേഹം ഇക്കാര്യം മനസ്സിലാക്കുമെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ മുന്നണിക്കായി ഇത്രനാളും പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കി ഇന്നലെ രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here