തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ‘മൈ ഇലക്ഷന്‍’ ആപ്പ്

Posted on: April 3, 2016 11:53 am | Last updated: April 3, 2016 at 11:59 am
SHARE

appതിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘മൈ ഇലക്ഷന്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പ് പുറത്തിറക്കിയത്. കേവലം വിവരങ്ങള്‍ നല്‍കുന്നതിന് പുറമേ, സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരുമായി സംവദിക്കാനും തങ്ങളുടെ ആശയ പ്രചാരണം നടത്താനുമുള്ള വേദിയും ഈ മൊബൈല്‍ ആപ്പ് ഒരുക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചയും നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളെയും സംവാദങ്ങളെയുമെല്ലാം മൊബൈല്‍ ആപ്പിലേക്ക് ഒതുക്കുകയാണ് മൈ ഇലക്ഷന്‍ ചെയ്യുന്നത്. കേരളത്തിലെ ഏത് മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍ക്ക് ഈ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. അതത് സ്ഥാനാര്‍ഥികള്‍ക്കായി പ്രത്യേക ഐ ഡിയും ആപ്പിലൂടെ ലഭിക്കും. ഇതോടെ ആപ്പിലെ സ്വന്തം പേജിന്റെ പൂര്‍ണമായ നിയന്ത്രണം സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പ്രചാരണം, ദൃശ്യമാധ്യമങ്ങളില്‍ വന്ന ചര്‍ച്ചകളുടെ വീഡിയോ ക്ലിപ്പിംഗ്, സ്വയം തയ്യാറാക്കിയ വീഡിയോ തുടങ്ങി കാര്യങ്ങള്‍ സ്വന്തം പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനും സ്ഥാനാര്‍ഥികള്‍ക്ക് സാധിക്കും. തങ്ങള്‍ക്കിഷ്ടപ്പെടുന്ന സ്ഥാനാര്‍ഥികളുടെ പേജുകള്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലൈക് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ സ്ഥാനാര്‍ഥികളുടെ ന്യൂസ് ഫീഡുകള്‍ ഉപഭോക്താവിന് ലഭ്യമാകും.
സ്ഥാനാര്‍ഥികള്‍ നേരിട്ട് നല്‍കുന്ന വിവരങ്ങളായതിനാല്‍ തെറ്റ് വരാനുളള സാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകതയെന്ന് ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ബോബി ഇലഞ്ഞിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍ സംവാദങ്ങള്‍ എന്നിവയിലെല്ലാം സ്ഥാനാര്‍ഥികള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1957 മുതലുളള നിയമസഭയുടെ ബൃഹത്തായ ചരിത്രം ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും വിവരങ്ങള്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്വന്തം പോളിംഗ് ബൂത്തിനെക്കുറിച്ചുളള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ മൊബൈല്‍ ഫോണിലേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ബിനോഷ് അലെക്‌സ് ബ്രൂസ്, ഉപദേശകനായ ബിനു ജോണ്‍ ഈശോ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here