കടല്‍ക്കൊല: ഇറ്റലിക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ

Posted on: April 3, 2016 10:38 am | Last updated: April 3, 2016 at 11:40 am

ITALIAN MARINESന്യൂഡല്‍ഹി:കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതിയായ നാവികന് അനുകൂലമായി ഇറ്റലി നടത്തിയ ഇടപെടലില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട നാവികന്‍ സാല്‍വത്തോറെ ജിറോണിന് വേണ്ടി ഇറ്റലി അനുകൂല ഇടപെടല്‍ നടത്തിയ രാജ്യാന്തര തര്‍ക്കപരിഹാര കോടതിയില്‍ തന്നെയാണ് ഇന്ത്യയും ഇറ്റലിക്കെതിരെ പ്രതികരണം അറിയിച്ചത്. നേരത്തെ ഹാംബര്‍ഗ് ആസ്ഥാനമായ രാജ്യാന്തര കോടതി നിരസിച്ച ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് ഇറ്റലിയെന്ന് ഇന്ത്യ ആരോപിച്ചു.

കോടതി കേസ് പരിഗണിക്കുന്നതിനിടെ പുറപ്പെടുവിച്ച അഭിപ്രായങ്ങളില്‍ ഇപ്പോള്‍ ഒരുമാറ്റവുമില്ലാതിരിക്കെ ഇപ്പോഴത്തെ ഇറ്റലിയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതും അനവസരത്തിലുള്ളതുമാണെന്ന് ഇന്ത്യ ചൂണ്ടികാട്ടി. സാല്‍വത്തോറെ ജിറോണിനെ നാട്ടിലേക്കുവിടണമെന്ന ഇറ്റലിയുടെ ആവശ്യം കേസിന്റെ നടപടികളെ അവമതിക്കലാണെന്ന് ഇന്ത്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇറ്റലിയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ അറിയിച്ചു.

കേസില്‍ കൂട്ടുപ്രതിയായ മറ്റൊരു നാവികന്‍ മാസിമിലാനോ ലത്തോറെ നാട്ടില്‍ തന്നെയാണ്. കടല്‍ക്കൊലക്കേസ് ഈ മാസം 13ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അതിന് മുമ്പ് രാജ്യാന്തര മധ്യസ്ഥ ചര്‍ച്ചയെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ ജാമ്യത്തിലുള്ള സാല്‍വത്തോറിനെ ഇറ്റലിയിലേക്ക് വരാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് യാതൊരു അടിസ്ഥാനവുമില്ല. വീണ്ടും വീണ്ടും ഒരേ അപേക്ഷ തന്നെ ഉന്നയിച്ച് ഇറ്റലി കേസിന്റെ നടപടികളെ വൈകിപ്പിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്.